പള്ളുരുത്തി(കൊച്ചി): പ്രായത്തെ വെല്ലുന്ന കഴിവുമായി മുന്നേറുകയാണ് പള്ളുരുത്തി എ.കെ.ജി ലെയ്നിൽ മാടശ്ശേരി വീട്ടിൽ ബിനു തമ്പി- ചിഞ്ചു സുധീർ ദമ്പതികളുടെ ഏക മകൾ എം.ബി. സിവ എന്ന മൂന്നര വയസ്സുകാരി.
82 സെറ്റീഷ്യൻസിനെ (കടലിൽ ജീവിക്കുന്ന സസ്തനികൾ) രണ്ടുമിനിറ്റ് 20 സെക്കൻഡ് കൊണ്ട് തിരിച്ചറിയുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ കുട്ടിയായാണ് വിദഗ്ധർ സിവയെ വിലയിരുത്തുന്നത്. സിവ മൂന്നര വയസ്സിനിടെ ഇടം പിടിച്ചത് രണ്ടുതവണ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ. ഇപ്പോൾ ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും. മൂന്നാം വയസ്സിൽ 54 സെക്കൻഡിനുള്ളിൽ ഇന്ത്യയുടെ പൊതുവിവരങ്ങൾ സംബന്ധമായ 21 ചോദ്യങ്ങൾക്ക് മറുപടി നൽകിയാണ് സിവ ആദ്യം ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയത്.
അഞ്ചു മാസത്തിനുശേഷം ആ റെക്കോഡ് തകർത്ത് രണ്ടുമിനിറ്റ് 50 സെക്കൻഡിനുള്ളിൽ ജന്തുലോകത്തെക്കുറിച്ചുള്ള 80 ചോദ്യങ്ങൾക്ക് മറുപടി നൽകി പുതിയ റെക്കോഡ് എഴുതിച്ചേർത്തു. കഴിഞ്ഞയാഴ്ച ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതർ എത്തി. അവർക്ക് മുന്നിൽ രണ്ടുമിനിറ്റ് 20 സെക്കൻഡുകൊണ്ട് 82 വ്യത്യസ്തങ്ങളായ മാമ്മലുകളെ (സസ്തനികൾ) തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്സിലും സിവ ഇടം പിടിച്ചു. നിലവിൽ ഇത് ലോക റെക്കോഡാണെന്നാണ് അധികൃതർ പറയുന്നത്. തോപ്പുംപടി കിഡ് സ്കൂൾ വിദ്യാർഥിയായ സിവ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ കയറാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.