കൊച്ചി: ആറ് അഭിഭാഷകരെ കേരള ഹൈകോടതിയിൽ അഡീ. ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈകോടതി ബാറിലെ അഭിഭാഷകരായ എം.എ. അബ്ദുൽ ഹക്കീം, വി.എം. ശ്യാംകുമാർ, വി. ഹരിശങ്കർ മേനോൻ, എസ്. മനു, എസ്. ഈശ്വരൻ, പി.എം. മനോജ് എന്നിവരെ നിയമിച്ചാണ് നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി കൊളീജിയത്തിന്റെ ശിപാർശക്ക് രാഷ്ട്രപതി അംഗീകാരം നൽകിയതിനെ തുടർന്നാണ് നിയമനം. പുതിയ ജഡ്ജിമാർ വെള്ളിയാഴ്ച ഉച്ചക്കുശേഷം സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ഇതോടെ ഹൈകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 41 ആയി.
പ്രമുഖ അഭിഭാഷകൻ പരേതനായ എം.എം. അബ്ദുൽ അസീസ് മുല്ലപ്പിള്ളിയുടെയും എം.എച്ച്. സുബൈദയുടെയും മകനാണ്. പെരുമ്പാവൂർ സ്വദേശി. എറണാകുളം ലോ കോളജിൽനിന്ന് എൽഎൽ.ബിയും എൽഎൽ.എമ്മും നേടി. ഹൈകോടതിയിലും സുപ്രീംകോടതിയിലുമടക്കം 32 വർഷമായി പ്രാക്ടീസ് ചെയ്യുന്നു. സിവിൽ, ക്രിമിനൽ, ഫാമിലി, ബാങ്കിങ് നിയമങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച അഭിഭാഷകൻ. ഭാര്യ: മഞ്ജുഷ. മക്കൾ: എൽഎൽ.എം വിദ്യാർഥി അസീസ് മുഷ്താഖ്, ഡൽഹി ശ്രീരാം കോളജ് ബി.എ വിദ്യാർഥിനി ഫാത്തിമ അഫ്രിൻ, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഫർദീൻ.
തൃശൂരിലെ അഭിഭാഷകൻ ടി. ഗോപകുമാറിന്റെയും ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്ന പരേതായ പ്രഫ. മാധവിക്കുട്ടിയുടെയും മകൻ. 2000ൽ കേരള ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങി. എറണാകുളം ലോ കോളജിൽനിന്ന് എൽഎൽ.ബിയും കൊച്ചി സർവകലാശാലയിൽനിന്ന് എൽഎൽ.എമ്മും നേടി. 1996ൽ തൃശൂരിൽ പ്രാക്ടീസ് തുടങ്ങി. മാരിടൈം, ഷിപ്പിങ് നിയമങ്ങളിൽ പ്രാഗല്ഭ്യം നേടിയശേഷം മുംബൈയിലും പ്രവർത്തിച്ചു. കൊച്ചി, കേരള, ബംഗളൂരു, സർവകലാശാലകളിലടക്കം വിസിറ്റിങ് ഫാക്കൽറ്റി. താനൂർ ബോട്ട് ദുരന്തക്കേസിലെ അമിക്കസ് ക്യൂറിയായിരുന്ന ശ്യാംകുമാർ, എൻറിക്ക ലെക്സി കേസിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കായി ഹാജരായിട്ടുണ്ട്. ഭാര്യ: എറണാകുളം വടുതല ചിന്മയ വിദ്യാലയം അധ്യാപിക സന്ധ്യ മാങ്ങോട്ട്. മകൾ: ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിനി നീലിമ.
എറണാകുളത്തെ പ്രമുഖ അഭിഭാഷകനായിരുന്ന അരിക്കാട്ട് വിജയൻ മേനോന്റെയും ശോഭനയുടെയും മകനാണ്. നിയമപഠനത്തിനുശേഷം ’97ൽ പ്രാക്ടീസ് തുടങ്ങി. ഹൈകോടതി, വാറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ, ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ എന്നിവിടങ്ങളിൽ പ്രാക്ടീസ്. ഭരണഘടന, നികുതി വിഷയങ്ങളിൽ നൈപുണ്യം. കലൂർ ലിറ്റിൽ ഫ്ലവർ ചർച്ച് റോഡിൽ മാധവത്തിലാണ് താമസം. ഭാര്യ: അഭിഭാഷകയായ മീര വി. മേനോൻ. മക്കൾ: അഭിഭാഷകയായ പാർവതി മേനോൻ, വിദ്യാർഥിയായ മഞ്ജുനാഥ് മേനോൻ.
കോട്ടയം ആനിക്കാട് വെസ്റ്റ് ശ്രേയസ്സിൽ റിട്ട. ഹെഡ്മാസ്റ്റർ കെ.എസ്. ശ്രീധരൻ നായരുടെയും ഡി. സതീദേവിയുടെയും മകൻ. കേരള സർവകലാശാലയിൽ നിന്ന് എൽഎൽ.ബിയും അണ്ണാമലൈ സർവകലാശാലയിൽ നിന്ന് എൽഎൽ.എമ്മും നേടി. 1998 മുതൽ ഹൈകോടതി അഭിഭാഷകൻ. കേന്ദ്രസർക്കാറിന്റെ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ, അസി. സോളിസിറ്റർ ജനറൽ പദവികൾ വഹിച്ചു. ലക്ഷദ്വീപ് ഭരണകൂടം, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്, എയർപോർട്ട് അതോറിറ്റി, ദേശീയ അന്വേഷണ ഏജൻസി എന്നിവയുടെ അഭിഭാഷകനായും പ്രവർത്തിച്ചു. ഭാര്യ: ഡോ. എം.ജി. രമ്യ. മക്കൾ: വിദ്യാർഥികളായ എം. ശ്രീഹരി, എം. ശ്രീറാം. എറണാകുളം ചിറ്റൂർ റോഡ് ഡിവൈൻ നഗറിൽ താമസം.
തിരുവിതാംകൂർ മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന, ക്ഷേത്രപ്രവേശന വിളംബരം തയാറാക്കിയ ഇ. സുബ്രഹ്മണ്യ അയ്യരുടെയും രാജൻ കേസ് ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ കേസുകൾ നടത്തിയ അഡ്വ. എസ്. ഈശ്വര അയ്യരുടെയും പേരക്കുട്ടിയാണ്. അഭിഭാഷക കുടുംബത്തിലെ നാലാം തലമുറ. അച്ഛൻ, സീനിയർ അഭിഭാഷകൻ ഇ. സുബ്രഹ്മണിയുടെ കീഴിൽ 1999 ൽ പ്രാക്ടീസ് തുടങ്ങി. 2005ൽ ഈശ്വർ ആൻഡ് മണി എന്ന പേരിൽ സ്ഥാപനം തുടങ്ങി. ബാങ്കിങ്, ഇൻഷുറൻസ്, സർവിസ് നിയമങ്ങളിൽ പ്രഗല്ഭൻ. എൽ.ഐ.സി, ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയുടെ നിയമോപദേഷ്ടാവാണ്. ശാരദയാണ് മാതാവ്. ഭാര്യ: അഖില. മക്കൾ: എൻജിനീയറിങ് വിദ്യാർഥികളായ സുബ്രഹ്മണി, കൃഷ്ണൻ, പത്താം ക്ലാസ് വിദ്യാർഥി ഹരിശങ്കർ.
തൃശൂർ അയ്യന്തോൾ പുതൂർക്കര വൈശാഖത്തിൽ റിട്ട. ഡെപ്യൂട്ടി റേഞ്ചർ പി.എം. മാധവന്റെയും പി.വി. കല്യാണിയുടെയും മകൻ. തൃശൂർ കേരളവർമ കോളജിൽ നിന്ന് ബിരുദവും പുണെ സിംബയോസിസ് നിയമ കോളജിൽ നിന്ന് എൽഎൽ.ബിയും കൊച്ചി സർവകലാശാലയിൽനിന്ന് എൽഎൽ.എമ്മും നേടി. ’99ൽ ഹൈകോടതിയിൽ പ്രാക്ടീസ് തുടങ്ങി. രണ്ടുതവണ ഗവ. പ്ലീഡറായി പ്രവർത്തിച്ചു. ഭരണഘടന, സർവിസ്, ക്രിമിനൽ കേസുകളാണ് പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. ഭാര്യ: പി.കെ. വിനീത. മക്കൾ: മാനവ് പി. മനോജ്, മാനസ് പി. മനോജ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.