തിരുവനന്തപുരം: കാര്യവട്ടം ജംഗ്ഷനിൽ മൂടിയില്ലാത്ത ഓടയിൽ വീണ് വാഹനാപകടങ്ങൾ സംഭവിച്ച സാഹചര്യത്തിൽ ഓടയിൽ സ്ലാബ് സ്ഥാപിച്ച് അപകടം ഉണ്ടാകാതിരിക്കാനുള്ള അടിയന്തര നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കാര്യവട്ടം -ചേങ്കോട്ടുകോണം ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്തെ മൂടിയില്ലാത്ത ഓടയാണ് അപകടങ്ങൾക്ക് കാരണമായത്. കാര്യവട്ടം ജംഗ്ഷൻ മുതൽ ചേങ്കോട്ടുകോണം വരെയുള്ള ഭാഗത്ത് അടുത്തകാലത്താണ് ഓട നിർമിച്ച് ടാർ ചെയ്തത്. എന്നാൽ അപകടഭീഷണിയുള്ള കാര്യവട്ടം ജംഗ്ഷനിലെ ഓടയിൽ സ്ലാബിടുന്ന ജോലി ആരംഭിച്ചിട്ടില്ല.
പരാതി പരിഹരിച്ച് നാലാഴ്ച്ചക്കകം എക്സിക്യൂട്ടീവ് എഞ്ചിനീയർ നടപടി റിപ്പോർട്ട് കമീഷനിൽ സമർപ്പിക്കണം. ജനുവരി 14 ന് രാവിലെ 10 ന് കമീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യാഗസ്ഥൻ സിറ്റിങിൽ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.