പാലക്കാട്: ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയ ശേഷം സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള ചരക്ക് നീക്കം മന്ദഗതിയിൽ. ഏറ്റവും കൂടുതൽ വാണിജ്യനികുതി ചെക്ക്പോസ്റ്റുകൾ പ്രവർത്തിക്കുന്ന പാലക്കാട് ജില്ലയിലെ മിക്ക ചെക്ക്പോസ്റ്റുകളിലും രണ്ടുദിവസമായി ചരക്കുവാഹനങ്ങളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചരക്കുനീക്കം പഴയപടിയാകാൻ രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നും അതുവരെ കേരളത്തിലെ നിർമാണ മേഖലയിലേക്കുള്ള വസ്തുക്കളുടെ വരവിൽ കുറവുണ്ടാകുമെന്നും വ്യാപാരികൾ പറഞ്ഞു. സിമൻറ്, കമ്പി, ഗ്രാനൈറ്റ് തുടങ്ങിയ ചരക്കുകളുടെ വരവിലാണ് കുറവുണ്ടായിരിക്കുന്നത്.
നികുതിയിൽനിന്ന് ഒഴിവാക്കിയ പച്ചക്കറി, പാൽ, കോഴി, മുട്ട എന്നിവ കൊണ്ടുവരുന്ന വാഹനങ്ങളിൽ വലിയ കുറവ് അനുഭവപ്പെട്ടിട്ടില്ല. ജി.എസ്.ടിക്ക് മുമ്പ് പ്രതിദിനം 2000-2200 വാഹനങ്ങൾ കടന്നുപോയിരുന്ന വാളയാർ ചെക്ക്പോസ്റ്റ് വഴി തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള കണക്കനുസരിച്ച് 350ൽ താഴെ ചരക്കുവാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള ആശയക്കുഴപ്പമാണ് ചരക്കുനീക്കം മന്ദഗതിയിലാകാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വ്യാപാരികൾക്ക് ജി.എസ്.ടിയെ സംബന്ധിച്ച് പൂർണമായ അറിവ് ലഭിച്ചിട്ടില്ല. പുതിയ നിയമപ്രകാരം നികുതിവെട്ടിപ്പിന് കടുത്ത ശിക്ഷയാണ്. അതുകൊണ്ടുതന്നെ ചരക്ക് കടത്താൻ ഉടമകൾക്ക് ഭയമുണ്ട്. പഴയ സ്റ്റോക്ക് എന്ത് ചെയ്യണമെന്ന് സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. പല വ്യാപാരികളുടെയും പഴയ സ്റ്റോക്ക് കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
മറ്റൊരു പ്രധാന ചെക്ക്പോസ്റ്റായ ഗോവിന്ദാപുരത്തും കടന്നുപോയ വാഹനങ്ങളിൽ കുറവുണ്ടായി. പ്രതിദിനം 200-300 വാഹനങ്ങൾ കടന്നുപോകുന്ന ഗോവിന്ദാപുരത്ത് 50ൽ താഴെ മാത്രം ലോറികളാണ് കടന്നുപോയത്. സംസ്ഥാനത്തേക്ക് പച്ചക്കറിയടക്കമുള്ള അവശ്യസാധനങ്ങൾ എത്തുന്ന വേലന്താവളം ചെക്ക്പോസ്റ്റിൽ തിങ്കളാഴ്ച 100ൽ താഴെ മാത്രം ചരക്കുവാഹനങ്ങൾ മാത്രമാണ് കടന്നുപോയത്. ജി.എസ്.ടിക്ക് മുമ്പ് 600ലേറെ വാഹനങ്ങൾ പ്രതിദിനം വേലന്താവളം ചെക്ക്പോസ്റ്റിലൂടെ കടന്നുപോയിരുന്നു. മീനാക്ഷിപുരം, ഗോപാലപുരം തുടങ്ങിയ ജില്ലയിലെ പ്രധാന ചെക്ക്പോസ്റ്റുകളിലും വാഹനങ്ങളുടെ വരവിൽ വൻ കുറവുണ്ടായതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.