തിരുവനന്തപുരം: ഒറ്റ എം.എൽ.എമാരുള്ള അഞ്ച് കക്ഷികളിൽ നാലു കക്ഷികൾ തമ്മിൽ മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിെൻറ സാധ്യതകളിലേക്ക് ചർച്ചകൾ. ഇതുസംബന്ധിച്ച് സി.പി.എം, സി.പി.െഎ നേതൃത്വങ്ങൾ കൂടിയാലോചന നടത്തി. രണ്ട് കക്ഷികൾ മന്ത്രിസ്ഥാനം രണ്ടരവർഷം വെച്ച് പങ്കുവെക്കുകയും ഒരു കക്ഷിക്ക് മുഴുവൻ കാലം കൊടുക്കുന്നതും ആലോചനയിലുണ്ട്. ഒഴിവാക്കപ്പെടുന്ന കക്ഷിക്കാണോ രണ്ട് മന്ത്രിസ്ഥാനത്തിനായി വാശിപിടിക്കുന്ന കേരള കോൺഗ്രസിനാണോ (എം) കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് പദവി എന്നതിലും ആഭ്യൂഹം അവസാനിച്ചിട്ടില്ല.
സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വെള്ളിയാഴ്ച ഉഭയകക്ഷി ചർച്ച നടത്തിയത്. മേയ് 16 ന് രാവിലെമുതൽ അഞ്ച് ചെറുകക്ഷികളുമായി അവസാനവട്ട ചർച്ച സി.പി.എം നടത്തും.
ഇതിലാകും ആർക്കൊക്കെ മന്ത്രിസഭയിൽ ഇടം, മന്ത്രി സ്ഥാനം പങ്കുവെക്കൽ, ഒഴിവാക്കൽ എന്നിവ തീർത്തുപറയുക. ശേഷം 17 ന് എൽ.ഡി.എഫ് ചേരും മുമ്പ് സി.പി.എം- സി.പി.െഎ നേതൃത്വങ്ങൾ ഒരിക്കൽക്കൂടി ഇരുന്ന് കക്ഷി പ്രാതിനിധ്യത്തിലും വകുപ്പുകളുടെ എണ്ണത്തിലും അന്തിമ ധാരണയിലെത്തും. 18 ന് സി.പി.എം, സി.പി.െഎ നേതൃയോഗങ്ങൾ ചേർന്ന് അവരുടെ മന്ത്രിമാരെ പ്രഖ്യാപിക്കും. 20 ന് സത്യപ്രതിജ്ഞ നടത്താനാണ് നിലവിൽ ധാരണ.
കേരളാ കോൺഗ്രസ്(ബി), ജനാധിപത്യ കേരളാ കോൺഗ്രസ്, െഎ.എൻ.എൽ കക്ഷികളാണ് അവസാന റൗണ്ടിൽ മന്ത്രിസഭയിൽ കടന്നുകൂടുന്നതിൽ മുൻപന്തിയിൽ. ജനാധിപത്യ കേരളാ കോൺഗ്രസിനും െഎ.എൻ.എല്ലിനും രണ്ടരവർഷം വീതം മന്ത്രിസ്ഥാനം പങ്കുവെച്ച് നൽകാമെന്നാണ് പ്രാഥമിക ധാരണ.
കേരളാ കോൺഗ്രസ് (ബി) ക്ക് അഞ്ചുവർഷവും നൽകണമോ കോൺഗ്രസുമായി (എസ്) പങ്കുവെക്കണമോ എന്നതും പരിഗണനയിലാണ്. ഇൗ കക്ഷികളുമായുള്ള ചർച്ചക്കുശേഷമാകും തീരുമാനം. ഒഴിവാക്കപ്പെടാൻ സാധ്യത എൽ.ജെ.ഡിയാണ്. അവർക്ക് ചീഫ് വിപ്പ് സ്ഥാനം നൽകുമോ എന്നതിലും ഉറപ്പില്ല. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട കേരളാ കോൺഗ്രസ് എമ്മിന് ചീഫ് വിപ്പ് സ്ഥാനം നൽകി സമവായത്തിലെത്താനാണ് സി.പി.എം ശ്രമം.
റവന്യൂ, കൃഷി വിടില്ലെന്ന് സി.പി.െഎ
തിരുവനന്തപുരം: പ്രധാന വകുപ്പ് ഉൾപ്പെടെ രണ്ട് മന്ത്രിസ്ഥാനം കേരളാ കോൺഗ്രസ് (എം) ആവശ്യപ്പെട്ടതോടെ ഏതൊക്കെ വകുപ്പുകൾ പുതിയ കക്ഷികൾക്കുകൂടി വിട്ടുകൊടുക്കാൻ കഴിയുമെന്ന ആലോചനയിൽ സി.പി.എമ്മും സി.പി.െഎയും. വെള്ളിയാഴ്ച ഇരുകക്ഷി നേതാക്കളും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രധാനമായും കേരളാ കോൺഗ്രസിെൻറ അവകാശവാദവും വകുപ്പുകളുടെ വിഭജനവുമാണ് വിഷയമായതെന്നാണ് സൂചന.
സി.പി.െഎയുടെ കൈവശമുള്ള കൃഷി, സി.പി.എമ്മിെൻറ പൊതുമരാമത്ത് ഉൾപ്പെടെ സുപ്രധാന വകുപ്പുകളിലാണ് കേരളാ കോൺഗ്രസിെൻറ കണ്ണ്. എന്നാൽ റവന്യൂ, കൃഷി എന്നിവ ഒരു കാരണവശാലും വിട്ടുകൊടുക്കാനാകില്ലെന്ന് സി.പി.െഎ അറിയിച്ചു. ഭക്ഷ്യ- പൊതുവിതരണവും വർഷങ്ങളായി കൈവശമുള്ള വകുപ്പാണെന്ന നിലപാടാണ് സി.പി.െഎക്ക്. പിന്നീട് വനം മൃഗസംരക്ഷ വകുപ്പ്, ക്ഷീര വികസനം തുടങ്ങിയവയാണുള്ളത്. ഇതിൽ ഏതെങ്കിലും വിട്ടുകൊടുക്കാമെന്ന നിലപാടാകും സി.പി.െഎക്ക്.
പൊതുമരാമത്ത് വിട്ടുകൊടുക്കാൻ സി.പി.എം ആലോചിക്കുന്നെന്നും സൂചനയുണ്ട്. ഇൗ നിലക്ക് ഒരു പ്രധാന വകുപ്പ് സി.പി.െഎയും ഒഴിയണമെന്ന നിർദേശം സി.പി.എം ഉയർത്തിയേക്കാം. സി.പി.എം മന്ത്രിമാരുടെ എണ്ണം 12 ഉം സി.പി.െഎയുടേത് നാലും ആയി നിലനിർത്താനാണ് സാധ്യത തേടുന്നത്. സ്പീക്കർ സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കർ പദവി സി.പി.െഎക്കുമാണ്. സി.പി.എം 13 എന്നത് 12 ആയി മന്ത്രിസ്ഥാനം കുറച്ചതിനാൽ ചീഫ് വിപ്പ് സ്ഥാനം വിടാമെന്ന നിലപാട് സി.പി.െഎ അറിയിച്ചെങ്കിലും ഒരു മന്ത്രിസ്ഥാനം കൂടി വിടണമെന്ന ആവശ്യം സി.പി.എം ഉയർത്തിയാൽ സങ്കീർണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.