തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് നഷ്ടപരിഹാരം നൽകി ടീകോമിനെ ഒഴിവാക്കാനുള്ള തീരുമാനം എൽ.ഡി.എഫ് അറിയാതെ. സാധാരണ വെള്ളക്കരവും യാത്രാനിരക്ക് ഭേദഗതിയുമടക്കം ഭരണപരമായ തീരുമാനങ്ങൾപോലും എൽ.ഡി.എഫിൽ ചർച്ചചെയ്ത് ധാരണയായ ശേഷമാണ് മന്ത്രിസഭയിലേക്കെത്തുക. എന്നാൽ നിർണായക സ്മാർട്ട് സിറ്റി വിഷയത്തിൽ ഈ പരിഗണനകളൊന്നും ഉണ്ടായില്ല. സുപ്രധാനവും നയപരമായ വിഷയമായിരുന്നിട്ടും മുന്നണിയിൽ ചർച്ചചെയ്യാത്തത് ഘടകകക്ഷികൾക്കിടയിൽ അതൃപ്തിക്കും ഇടയാക്കിയിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോമിനെ ഒഴിവാക്കുന്നത് കേവലം ഭരണപരമായ തീരുമാനം മാത്രമല്ലെന്നും നയപരമായ തീരുമാനം കൂടിയാണെന്നുമാണ് ഒരു നേതാവ് പ്രതികരിച്ചത്. ‘സാധാരണ നിലയിൽ ഘടകകക്ഷികളോടൊക്കെ ചോദിക്കുന്നതാണ്. കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കാൻ പോവുകയാണ്. വിദേശ മൂലധനം സംബന്ധിച്ചതടക്കം നയപരമായ പ്രശ്നങ്ങൾ ഇതിലുണ്ടെന്നും മുന്നണിയിൽ ചർച്ച ചെയ്യേണ്ടതായിരുന്നുവെന്നും’ ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഐ.ടി പദ്ധതി എന്നതിനപ്പുറം 2004 മുതൽ 2011 വരെ കേരളത്തിൽ സജീവ രാഷ്ട്രീയവിഷയം കൂടിയായിരുന്നു സ്മാർട്ട് സിറ്റി. കരാർ വ്യവസ്ഥകളും തിരുത്തലുകളും റിയൽ എസ്റ്റേറ്റ് ആരോപണങ്ങളുമടക്കം രാഷ്ട്രീയവും നയപരവുമായ വിചാരണകൾക്കും പദ്ധതി വിധേയമായിരുന്നു. 246 ഏക്കർ സർക്കാർ ഭൂമിയടക്കം പാട്ടത്തിന് നൽകിയാണ് എസ്.പി.വി രൂപവത്കരിച്ചത്. സംസ്ഥാനത്തെ ആദ്യ പ്രത്യേക സാമ്പത്തിക മേഖലകൂടിയാണ് സ്മാർട്ട് സിറ്റി. ഇത്തരത്തിൽ നയപരമായ സൂക്ഷ്മപരിശോധനകളോടെ ഒപ്പുവെച്ച കരാറിൽ കാര്യമായി കൂടിയാലോചനകളില്ലാതെ തീരുമാനമെടുത്തതിലാണ് ഘടകകക്ഷികൾക്ക് അതൃപ്തി. എന്തെല്ലാം കാരണങ്ങളാലാണ് ടീകോമിനെ ഒഴിവാക്കുന്നതെന്നതിൽ ഘടകകക്ഷികൾക്കും ധാരണയില്ല. ഇക്കാര്യങ്ങൾ അടുത്ത എൽ.ഡി.എഫ് യോഗത്തിൽ ഉന്നയിച്ചേക്കും. നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. ടീകോമിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാൽ അത് വ്യവഹാരത്തിലേക്ക് പോകുമെന്ന് ഭയന്നാണ് മന്ത്രിസഭാ യോഗത്തില്‍ പാസാക്കിയതെന്നാണ് പ്രതിപക്ഷ വിമർശനം. മന്ത്രിമാര്‍ക്കോ കക്ഷികള്‍ക്കോ അറിയില്ലെന്നും ഭൂമി കച്ചവടമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.