സ്മാർട്ട് മീറ്റർ: ആർ.ഇ.സിയെ മാറ്റി ടെൻഡർ വിളിച്ച് കെ.എസ്.ഇ.ബി

തൃശൂർ: കേന്ദ്രം നിശ്ചയിച്ച പദ്ധതി നടത്തിപ്പ് ഏജൻസിയായ ആർ.ഇ.സി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയെ മാറ്റി സ്മാർട്ട് മീറ്ററിന് കെ.എസ്.ഇ.ബി ടെൻഡർ വിളിച്ചു. സംസ്ഥാനത്ത് 37 ലക്ഷം പ്രീ പെയ്ഡ് സ്മാർട്ട് മീറ്ററുകൾ ടോട്ടെക്സ് മാതൃകയിൽ നിർമിക്കാനാണ് 13ന് ടെൻഡർ ക്ഷണിച്ച് ഉത്തരവിറങ്ങിയത്. മീറ്ററുകൾ സ്ഥാപിക്കുന്ന ഉത്തരവാദിത്തവും ചെലവും സ്വയം ഏറ്റെടുത്ത് പ്രവൃത്തി പൂർത്തീകരിച്ച് കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ സമയക്രമത്തിൽ ഏറ്റെടുക്കുക എന്ന മാതൃകയാണിത്. 27 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് നിർദേശം.

ഡൽഹി ആസ്ഥാനമായ ആർ.ഇ.സി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരുന്നെങ്കിലും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിരുന്നില്ല. ഇതിനിടെ ടോട്ടെക്സ് മാതൃകയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത് ആത്യന്തികമായി സ്വകാര്യവത്കരണത്തിന് ഇടയാക്കുമെന്നും സംസ്ഥാന താൽപര്യം മുൻനിർത്തി പദ്ധതി നടത്തിപ്പിന് പദ്ധതി നടത്തിപ്പ് ഏജൻസിയെ നിയമിച്ച നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇടത് തൊഴിലാളി സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു.

സ്മാർട്ട് മീറ്റർ പദ്ധതിക്കായി സി-ഡാകിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന ആവശ്യവും സംഘടനകൾ ഉയർത്തിയിരുന്നു. സാധ്യത പഠിക്കാൻ അഞ്ചംഗ സമിതി സർക്കാർ രൂപവത്കരിച്ചു. സമിതിയുടെ അഭിപ്രായത്തിന്മേൽ കെ.എസ്.ഇ.ബിക്ക് തീരുമാനമെടുക്കാം. ഇതിനുശേഷം മാത്രമേ പദ്ധതി ടെൻഡറിൽ അന്തിമനടപടികൾ സ്വീകരിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ നിലപാട്. ഈ മാസം 28നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.

ഈ മാസം 20 മുതൽ മാർച്ച് 22 വരെ ടെൻഡറുകൾ സമർപ്പിക്കാം. 17,700 രൂപ നിരതദ്രവ്യമായും അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി തുകയായും കെട്ടിവെക്കണം. പ്രവൃത്തി പൂർത്തീകരിച്ച് 93 മാസം അറ്റകുറ്റപ്പണിച്ചുമതലയും ടെൻഡർ ഏറ്റെടുക്കുന്ന കമ്പനിക്കുണ്ടാകും.കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആർ.ഇ.സി പവർ ഡിസ്ട്രിബ്യൂഷൻ കമ്പനിയെ ഏൽപിക്കാനായിരുന്നു കേന്ദ്ര ഊർജമന്ത്രാലയത്തിൽനിന്നുള്ള നിർദേശം.

2022 നവംബർ 29ന് ആർ.ഇ.സിക്ക് വർക്ക് ഓർഡർ കൊടുത്ത് തുടങ്ങാൻ നടപടി സ്വീകരിച്ചതാണെങ്കിലും ജീവനക്കാരുടെ സംഘടനയുടെ എതിർപ്പ് കാരണം നടപടി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. 17 ലക്ഷം മീറ്ററുകൾ ആദ്യഘട്ടം സ്ഥാപിക്കാനായിരുന്നു അന്ന് കരാറെങ്കിലും പിന്നീട് 37 ലക്ഷമാക്കി വർധിപ്പിച്ചു. 200 യൂനിറ്റിന് മീതെ പ്രതിമാസ ഉപഭോഗമുള്ള സർക്കാർ, വ്യവസായശാലകൾ ഉൾപ്പെടെ സ്ഥലങ്ങളിലാണ് ആദ്യഘട്ടം മീറ്റർ ഘടിപ്പിക്കാനൊരുങ്ങുന്നത്.

Tags:    
News Summary - Smart meter: KSEB replaces REC with tenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.