കോഴിക്കോട്: സ്മാർട്ട് മൂവ് സോഫ്റ്റ് വെയർ മുഖേന ലേണേഴ്സ് ലൈസൻസ് നൽകുന്നതിന് അന്തിമാവസരം നൽകാൻ മോട്ടോർ വാഹനവകുപ്പ്.
2019 ജനുവരി ഒന്നു മുതൽ സാരഥി സംവിധാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് പൂർണമായും മാറിയതിനാൽ സ്മാർട്ട് മൂവ് സോഫ്റ്റ് വെയർ നിലച്ചിരുന്നു. ലേണേഴ്സ് ലൈസൻസ് അപേക്ഷകൾ ഇപ്പോൾ സാരഥി വഴിയാണ് സ്വീകരിക്കുന്നത്.
എന്നാൽ, നേരത്തെ സ്മാർട്ട് മൂവ് മുഖേന അപേക്ഷ നൽകിയവർക്ക് ഒറ്റത്തവണയിൽ അവസാന അവസരം നൽകാനാണ് മോട്ടോർ വാഹനവകുപ്പ് ഇപ്പോൾ തീരുമാനിച്ചത്. സ്മാർട്ട് മൂവ് മുഖേന സമ്പാദിച്ച ലേണേഴ്സ് ലൈസൻസുകൾ ഉപയോഗിച്ച് 2021 മാർച്ച് 31ന് മുമ്പായി ഡ്രൈവിങ് ടെസ്റ്റിന് പങ്കെടുക്കണം.
ഇവർക്ക് ഡ്രൈവിങ് ടെസ്റ്റിന് പ്രത്യേകമായി തീയതി എടുക്കേണ്ടതില്ല. ഗ്രൗണ്ടിൽ എത്തുന്ന ഇത്തരം അപേക്ഷകർക്ക് ഒരു നിശ്ചിത എണ്ണത്തിൽ കൂടാത്ത തരത്തിൽ നേരിട്ട് രജിസ്റ്ററിൽ ചേർത്ത് പങ്കെടുക്കാം. നിശ്ചിത എണ്ണത്തിൽ കൂടുതൽ അപേക്ഷകർ ഒരു ദിവസം വന്നാൽ അടുത്ത ദിവസത്തേക്ക് നമ്പർ നൽകും.
ലേണേഴ്സ് ലൈസൻസുകൾ വീണ്ടും നിലവിലുണ്ടെങ്കിൽ അത് ഏപ്രിൽ മുതൻ അസാധു വാക്കും. ഡ്രൈവിങ് ലൈസൻസ് പുതുക്കുവാനുള്ളതോ ലൈസൻസ് സംബന്ധമായ മറ്റു സേവനങ്ങൾക്കോ സ്മാർട്ട് മൂവ് മുഖാന്തരം സമർപ്പിച്ച അപേക്ഷകൾ എല്ലാം തന്നെ 2021 ഫെബ്രുവരി 28ന് മുമ്പായി പൂർത്തിയാക്കണം. മേയ് ഒന്നിന് സ്മാർട്ട് മൂവ് പൂർണമായും പിൻവലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.