കണ്ണൂർ: പുകയും കരിയുമേൽക്കാതെ അംഗൻവാടി കുട്ടികൾക്ക് ഭക്ഷണമൊരുക്കാൻ പുകയില്ലാത്ത അടുപ്പുകൾ ഒരുങ്ങുന്നു. നവകേരളം കർമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ -അംഗൻ ജ്യോതി’ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ 347 അംഗൻവാടികളിൽ പുകയില്ലാത്ത അടുക്കളകൾ ഒരുക്കുന്നത്.
ധർമടം മണ്ഡലത്തിലെ മുഴുവൻ അംഗൻവാടികളിലും മുഴക്കുന്ന്, പായം, ഉദയഗിരി, കുറുമാത്തൂർ, ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിലുമാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.ഇൻഡക്ഷൻ കുക്കർ, ഇൻഡക്ഷൻ ബേസ്ഡ് ഇഡ്ഡലി കുക്കർ, ഉരുളി, പ്രഷർ കുക്കർ, റൈസ് കുക്കർ തുടങ്ങിയവയാണ് വിതരണം ചെയ്യുക.
പാചകത്തിന്റെ വേഗം കൂട്ടുകയും കാർബൺ പുറന്തള്ളാത്ത പാചകം ഉറപ്പാക്കുന്നതിനുമാണ് ഇവ നൽകുന്നത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നടപ്പാക്കിയ പദ്ധതിയാണ് ഇപ്പോൾ സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഹരിത കേരളം മിഷൻ നടപ്പിലാക്കുന്ന കാമ്പയിനാണ് ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’. ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഊർജ ഉപയോഗം കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് ഊർജ ഓഡിറ്റും ഉടനെ നടത്തും.
തിരുവനന്തപുരത്തെ എനർജി മാനേജ്മെൻറ് സെൻററാണ് ഓഡിറ്റ് നടത്തുക. നെറ്റ് സീറൊ കാർബൺ കേരളം ജനങ്ങളിലൂടെ കാമ്പയിൻ നടപ്പാക്കുന്ന തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥാപനങ്ങൾ നേരിടുന്ന ഊർജ പ്രശ്നങ്ങൾ വിലയിരുത്താനാണ് ഓഡിറ്റ് നടത്തുന്നത്. അംഗൻ ജ്യോതി പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം ഫെബ്രുവരി 20ന് പെരളശ്ശേരിയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.