സ്നേഹപ്രഭ നീന്തൽ പഠിപ്പിക്കുന്നു

സ്നേഹപ്രഭ നീന്തൽ പഠിപ്പിക്കുകയാണ്; ഒരു നാടിനെയാകെ

ചാത്തമംഗലം: നീന്തൽ  സർട്ടിഫിക്കറ്റിന് വിദ്യാർഥികൾ ഓടിനടക്കുന്ന സമയത്ത് ഒരു നാട്ടിലെ ചെറിയ കുട്ടികൾ മുതൽ മുതിർന്ന സ്ത്രീകൾക്കു വരെ സൗജന്യമായി നീന്തൽ പഠിപ്പിച്ച് ശ്രദ്ധേയമാകുകയാണ് സ്നേഹപ്രഭയെന്ന 57കാരി. കോഴിക്കോട് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂർ പുൽപ്പറമ്പിൽ സ്നേഹപ്രഭ പ്രദേശത്തെ അനവധി പേർക്ക് നീന്തൽ പഠിപ്പിച്ചു. ഏതു പ്രായത്തിലുള്ള സ്ത്രീകളെയും തൻ്റെ അടുത്തെത്തിയാൽ നീന്തൽ പഠിപ്പിക്കാൻ താൻ തയാറാണെന്ന് ഇവർ ഉറപ്പു നൽകുന്നു.

വെള്ളന്നൂരിലെ വയലിനോട് ചേർന്ന പൊതുകുളത്തിലാണ് സ്നേഹപ്രഭ നീന്തൽ പഠിപ്പിക്കുന്നത്. ചെറുപ്പത്തിൽ കല്ലുവെട്ടുകുഴിയിൽ നീന്തൽ അഭ്യസിച്ച സ്നേഹപ്രഭ നീന്തലിന്‍റെ പ്രാധാന്യവും കുട്ടികളുടെ സുരക്ഷയും മുന്നിൽകണ്ടാണ് രംഗത്തിറങ്ങിയത്. ഇപ്പോൾ സിവിൽ ഡിഫൻസ് വളണ്ടിയർ കൂടിയായ ഇവർ ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമാണ്.

നേരത്തെ കല്ലുവെട്ടുകുഴിയിൽ മഴക്കാലത്ത് വെള്ളം നിറയുമ്പോൾ പരിചയക്കാരായ കുട്ടികൾക്ക് നീന്തൽ പഠിപ്പിച്ചാണ് തുടങ്ങിയത്. ശരീരത്തിൽ കന്നാസ് കെട്ടിയായിരുന്നു പഠിപ്പിച്ചിരുന്നത്. സിവിൽ ഡിഫൻസ് വളണ്ടിയർ ആയതോടെ ലൈഫ് ജാക്കറ്റും മറ്റു സുരക്ഷാ മാർഗ്ഗങ്ങളും ലഭ്യമായി. ഇപ്പോൾ രണ്ടു വയസ്സു മുതലുള്ള കുട്ടികൾ പഠിക്കുന്നുണ്ട്.

ഭർത്താവ് വസന്ത കുമാർ വിമുക്ത ഭടനും റിസർവ് ബാങ്ക് ജീവനക്കാരനായി വിരമിച്ചയാളുമാണ്. രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചയച്ചതോടെ സാമൂഹിക പ്രവർത്തനത്തിനടക്കം ധാരാളം സമയം ലഭിക്കുന്നുണ്ട്. നീന്തൽ പഠിക്കാൻ എത്തുന്നവർ ഫീസ് തരാൻ സന്നദ്ധരാകാറുണ്ട്. അങ്ങനെ വന്നാൽ ആ തുക തൻ്റെ നേതൃത്വത്തിലുള്ള പ്രതീക്ഷ ചാരിറ്റബ്ൾ ട്രസ്റ്റിലേക്ക് സംഭാവന നൽകാനാണ് പറയാറുള്ളത്.

ടൈലറായ സ്നേഹപ്രഭ വീട്ടിൽ നിന്നുള്ള തയ്യലിലൂടെ കിട്ടുന്ന പണവും ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. ജീവിക്കാൻ ഭർത്താവിൻ്റെ പെൻഷൻ തന്നെ ധാരാളം എന്ന് ഇവർ പറയുന്നു. വൈകുന്നേര സമയത്താണ് നീന്തൽ അഭ്യസിപ്പിക്കുന്നത്. 3.30 മുതൽ തുടങ്ങുന്ന പഠനം രാത്രി ഏഴുവരെ പലപ്പോഴും നീളും. ഒരാളെ നീന്തൽ പഠിപ്പിക്കുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കുകയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന സ്നേഹപ്രഭക്ക് എത്ര സമയവും  ഇതിന് വിനിയോഗിക്കുന്നതിൽ പ്രയാസമൊട്ടുമില്ല. 

Tags:    
News Summary - snehaprabha teaches swimming to evryone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.