തൃശൂർ കാസിനോ ഹോട്ടലിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുക്കാനെത്തുന്ന ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ

പത്ത് മാസത്തിന് ശേഷം ശോഭാ സുരേന്ദ്രൻ പാർട്ടി യോഗത്തിൽ

തൃശൂർ: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തന്ത്രങ്ങളും ആലോചിക്കാനുള്ള ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുക്കുന്ന നേതൃയോഗം തൃശൂരിൽ തുടങ്ങി. കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡണ്ടായതിന് ശേഷം സംസ്ഥാന നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രനും ദേശീയ നേതൃത്വത്തിൻറെ ഇടപെടലിനെ തുടർന്ന് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുനഃസംഘടനയ്ക്കു ശേഷം ബി.ജെ.പിയുടെ യോഗങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന ശോഭാ സുരേന്ദ്രൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് പദവിയും ശോഭാ സുരേന്ദ്രൻ ഏറ്റെടുത്തിരുന്നില്ല. തന്നെ അവഗണിക്കുന്നുവെന്ന പരാതിയിലായിരുന്നു ശോഭാ സുരേന്ദ്രൻ.

കഴിഞ്ഞ ആഴ്ച തൃശൂരിൽ ചേർന്ന സംസ്ഥാന സമിതി യോഗം നടക്കുമ്പോൾ ശോഭ ഡൽഹിയിൽ ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു. യോഗത്തിൽ നിന്ന് ഇനിയും വിട്ടുനിൽക്കരുതെന്ന് കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനോട് പറഞ്ഞിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് യോഗത്തിന് എത്തിയത്. രാവിലെ പത്തോടെ യോഗം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് കാറിലെത്തിയ ശോഭാ സുരേന്ദ്രനെ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്. സമ്പൂർണ്ണയും നേതാക്കളും ചേർന്ന് സ്വീകരിച്ചു.

നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ അവർ തയ്യാറായില്ല. 'ദേശീയ അധ്യക്ഷൻ പങ്കെടുക്കുന്ന ഒരു യോഗത്തിന് ഞാൻ വരുന്നു. സംഘടനയും സുഹൃത്തുക്കളും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷൻ പറഞ്ഞതിന് അപ്പുറത്തേക്കായി ഒന്നും പറയാനില്ലെന്നും ശോഭ പറഞ്ഞു.

പതിനൊന്നോടെയാണ് നെടുമ്പാശേരിയിൽ നിന്നും കാർ മാർഗം ജെ.പി.നദ്ദ യോഗഹാളിലെത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശിന്‍റെ നേതൃത്വത്തിൽ നദ്ദയെ സ്വീകരിച്ചു. കേരള പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടോയെന്ന ചോദ്യത്തോട് ജെ.പി. നദ്ദ പ്രതികരിച്ചില്ല. 140 നിയോജകമണ്ഡലങ്ങളിലെ കൺവീനർമാരും ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് നദ്ദ ആദ്യം സംസാരിച്ചത്. ഇരുമുന്നണികളെയും തോൽപിക്കാൻ സജീവമായി രംഗത്തിറങ്ങണമെന്ന് ദേശീയ അധ്യക്ഷൻ ആഹ്വാനം ചെയ്തു.

സമുദായിക നേതാക്കൻമാരുമായും ആർ.എസ്.എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയും തൃശൂരിൽ നദ്ദയുടെ പരിപാടിയിലുണ്ട്. വൈകീട്ട് നാലിന് വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടുള്ള പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്‍റ് പദവിയിൽ എത്തിയ ശേഷം ആദ്യമായാണ് നദ്ദ കേരളത്തിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.