തിരുവനന്തപുരം: മാർച്ചിൽ നൽകേണ്ട സാമൂഹിക സുരക്ഷാ പെൻഷനും വിഷുവിനു മുമ്പ് നൽകാൻ തീരുമാനിച്ച ഏപ്രിലിലെ പെൻഷനും ചേർത്ത് മാർച്ച് അവസാനം വിതരണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തുമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. ഏപ്രിലിലെ പെൻഷൻ വിഷു, ഈസ്റ്റർ എന്നിവ കൂടാതെ ആദ്യത്തെ അവധി ദിവസങ്ങൾകൂടി പരിഗണിച്ച് നേരത്തേ വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ഉത്തരവിറക്കിയിരുന്നു. രണ്ടുമാസത്തെ പെൻഷനും ചേർത്ത് 3100 രൂപ ഈ മാസാവസാനം എല്ലാവരുടെയും കൈയിലെത്തുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏപ്രിലിൽ പുതുക്കിയ ശമ്പളമാണ് സംസ്ഥാന സർക്കാർ ജീവനക്കാരുടെ കൈയിലെത്തുക. ഇതിനായി സർക്കാർ അനുവദിച്ച മുടങ്ങിയ ഡി.എ കുടിശ്ശിക ബില്ലുകൾ ദ്രുതഗതിയിൽ സ്പാർക്കിൽ പ്രോസസ് ചെയ്യുന്നു. ശമ്പള വിതരണത്തിനുള്ള സ്പാർക്ക് മൊഡ്യൂളുകൾ ആക്ടീവാക്കി. സ്പാർക്ക് സിസ്റ്റത്തിലെ തകരാറുകൾ പരിഹരിക്കാൻ എൻ.ഐ.സിക്ക് പ്രയാസമാണെന്ന് അറിയിച്ചതിനാൽ പുറത്തുനിന്നുള്ള വിദഗ്ധരുടെ സഹായം തേടി. ഗസറ്റഡ് റാങ്കിൽ ജോലി ചെയ്യുന്നവരുടെ ശമ്പളം പരിഷ്കരിക്കുന്ന ജോലികൾ ചെയ്യുന്നത് അക്കൗണ്ടൻറ് ജനറലാണ്.
ആ നടപടികൾ വേഗത്തിലാക്കണമെന്ന് എ.ജിയോട് അഭ്യർഥിച്ചു. അടുത്ത മാസമാദ്യം തുടർച്ചയായി അവധിയായതിനാൽ തെര. ചെലവുകൾക്കായി പ്രവർത്തിക്കണം. ഏ പ്രിൽ രണ്ടിനും നാലിനും ട്രഷറി പ്രവർത്തിക്കും. ആ ദിവസങ്ങളിൽ ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവർക്ക് നിയന്ത്രിത അവധിയായിരിക്കും. സർവിസ് പെൻഷൻകാരുടെയും ട്രഷറി വഴി പെൻഷൻ വാങ്ങുന്ന യു.ജി.സി അധ്യാപകരുടെയും പെൻഷൻ പരിഷ്കരിച്ച് നൽകുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്.
അടുത്തയാഴ്ചയോടെ പരിഷ്കരിച്ച് മുൻകൂർ തീയതിയിട്ട് ഏപ്രിൽ ആദ്യ പ്രവൃത്തിദിവസം തന്നെ വിതരണം നടത്തും.90 ശതമാനത്തിൽ കൂടുതൽ ഫണ്ട് ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങൾക്ക് അധികമായി 500 കോടി രൂപ കൂടി വകയിരുത്തി. ബില്ലുകൾ സമർപ്പിക്കുന്നമുറക്ക് തുക മാറി നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.