തിരുവനന്തപുരം: സഹകരണ പ്രസ്ഥാനത്തെ തകർക്കാനും മേഖലയിൽ നിക്ഷിപ്ത താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാനും ലക്ഷ്യംവെച്ചുള്ള കേന്ദ്ര സർക്കാർ നടപടികളെ നിയമപരമായും ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെയും സഹകാരിസമൂഹം പ്രതിരോധിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സഹകരണ സംഘം പ്രസിഡന്റുമാരുടെ സംസ്ഥാനതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സഹകരണ മന്ത്രിയും സെക്രട്ടറിയും സംസ്ഥാന സർക്കാറുമായോ മന്ത്രിയുമായോ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാതെയാണ് തീരുമാനം അടിച്ചേൽപ്പിക്കുന്നത്.മുമ്പ് ഇത്തരം നടപടികളുണ്ടായപ്പോൾ കോടതിയെ സമീപിക്കുകയും ജനാധിപത്യപരമായ പ്രതിഷേധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്ത കാര്യം മന്ത്രി ഓർമിപ്പിച്ചു.
സഹകരണ നിക്ഷേപ സമാഹരണം, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, സഹകരണ എക്സ്പോ, സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ പദ്ധതി തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തു. ഓൺലൈനായി ചേർന്ന യോഗത്തിൽ സഹകരണ സംഘം സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ സുഭാഷ് ടി.വി, ഓഡിറ്റ് ഡയറക്ടർ സുഭാഷ്, സഹകരണ സംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.