സത്യം അധികകാലം മൂടിവെക്കാൻ സാധിക്കില്ലെന്ന് ഉമ്മൻചാണ്ടി

തിരുവനന്തപുരം: സത്യം അധികകാലം മൂടിവെക്കാൻ സാധിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ രേഖകളിൽ നിന്നു തന്നെ സത്യം പുറത്തു വന്നിരിക്കുന്നു. അഞ്ച് കൊല്ലം അധികാരത്തിലുണ്ടായിരുന്ന സർക്കാറിന് തനിക്കെതിരെ നടപടിയെടുക്കാൻ സാധിച്ചില്ല. കേരളാ പൊലീസിന് എന്തുപറ്റിയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.

യാതൊരു തെളിവുമില്ലാതിരുന്നിട്ടും രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണിത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പരാതിക്കാരിയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കോടതി നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ അവസാനിക്കേണ്ട കേസ് രാഷ്ട്രീയ എതിരാളികളെ അപമാനിക്കാനായാണ് വീണ്ടും കൊണ്ടുവന്നതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 

സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടാണ് പുറത്തുവന്നത്. പീഡനം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഇല്ലായിരുന്നുവെന്നും പരാതിക്കാരി ക്ലിഫ്ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും ആഭ്യന്തര-അഡീഷനൽ ചീഫ് സെക്രട്ടറിയായ ടി.കെ ജോസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച ആഭ്യന്തര വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ വിശദാംശങ്ങൾ ഒരു ന്യൂസ് ചാനലാണ് പുറത്തുവിട്ടത്.

കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഉമ്മൻചണ്ടിയുടെ പേഴ്സണൽ സ്റ്റാഫിനെയും അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റുള്ളവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടാതെ, പരാതിക്കാരിയുടെ ഡ്രൈവർമാരുടെ മൊഴിയും രേഖപ്പെടുത്തി. പരാതിക്കാരിയുടെ പരാതിയിൽ പറയുന്ന പ്രകാരമുള്ള കാര്യങ്ങൾ സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Solar Case: Oommen Chandy said that the truth cannot be covered for long

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.