കൊച്ചി: സി.ബി.ഐ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പിക്കെതിരായ പീഡന കേസ് തള്ളിയതിനെതിരെ സോളാർ കേസ് പ്രതിയായ പരാതിക്കാരി നൽകിയ ഹരജിയിൽ ഹൈകോടതിയുടെ നോട്ടീസ്.
പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ല സി.ബി.ഐ അന്വേഷണം നടത്തിയതെന്നടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് സി.എസ്. ഡയസ്, കെ.സി. വേണുഗോപാൽ, സി.ബി.ഐ, സംസ്ഥാന സർക്കാർ എന്നിവർക്കാണ് നോട്ടീസ് നൽകാൻ ഉത്തരവിട്ടത്.
വേണുഗോപാൽ മന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് റോസ് ഹൗസിലടക്കം സ്ഥലങ്ങളിൽവെച്ച് പീഡിപ്പിച്ചെന്നാരോപിച്ച് നൽകിയ പരാതി സി.ബി.ഐ അന്വേഷണത്തിന് വിട്ടിരുന്നു. എന്നാൽ, തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന റിപ്പോർട്ടാണ് സി.ബി.ഐ നൽകിയത്.
വിഡിയോയെന്ന നിലയിൽ പരാതിക്കാരി ഹാജരാക്കിയ ഹാർഡ് ഡിസ്കിലും പീഡനസംഭവം കണ്ടെത്താനായില്ലെന്നും സി.ബി.ഐ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് തിരുവനന്തപുരം സി.ജെ.എം കോടതി പരാതിക്കാരിയുടെ ഹരജി തള്ളി. റോസ് ഹൗസിൽ സംഭവദിവസം താനും പ്രതിയും ഉണ്ടായിരുന്നു എന്നതിനു തെളിവായി സാക്ഷിമൊഴികളുണ്ടെന്ന് ഹരജിയിൽ പറയുന്നു. തങ്ങൾ തമ്മിലെ കാൾ ഡേറ്റ രേഖകൾ കോടതിയിൽ സി.ബി.ഐ ഹാജരാക്കിയില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.