സോളാർ പീഡന കേസ്: ഹൈബി ഈഡനെ കുറ്റവിമുക്തനാക്കി, പരാതിക്കാരിയുടെ ഹരജി തള്ളി

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിക്കെതിരെ തെളിവില്ലെന്ന സി.ബി.ഐ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്​ കോടതി അംഗീകരിച്ചു. സോളാർ പീഡനവുമായി ബന്ധപ്പെട്ട്​ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്.

ഹൈബിക്കെതിരെ തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്ന്​ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളിൽ ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കേസ് അവസാനിപ്പിക്കുന്നതായും സി.ബി.ഐ കോടതിയെ അറിയിച്ചു.

സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എം.എൽ.എ ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പും അന്വേഷണവും നടന്നിരുന്നു. 

ആറ് കേസുകളായിരുന്നു സോളാര്‍ പീഡനപരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, ബി.ജെ.പി നേതാവ് എ.പി. അബ്ദുള്ളകുട്ടി എന്നിവര്‍ക്കെതിരെയാണ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാൽ, സോളാർ പീഡന പരാതിയിൽ ഉമ്മന്‍ ചാണ്ടിയുടെ പേര് ഗൂഢാലോചനയിലൂടെ എഴുതിച്ചേർത്തതാണെന്ന ഹരജിയില്‍ കെ.ബി.ഗണേഷ് കുമാര്‍ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അടുത്ത മാസം 18ന് ഹാജരാകാനാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിർദേശം. പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും.

സോളര്‍ കമ്മിഷന് മുന്നില്‍ പരാതിക്കാരി നൽകിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്നായിരുന്നു സി.ബി.ഐ കണ്ടെത്തിയത്. 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ പറയുന്നത്.

Tags:    
News Summary - Solar molestation case: Hibi Eden acquitted, complainant's plea dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.