തിരുവനന്തപുരം: ഊർജമേഖലയിൽ കേന്ദ്രം മുന്നോട്ടുവെക്കുന്ന ‘സോളാർ പാർക്ക് പദ്ധതി’ സാധ്യത പ്രയോജനപ്പെടുത്താനൊരുങ്ങി കെ.എസ്.ഇ.ബി. ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം വഴി സോളാർ വൈദ്യുതി രാത്രിയിലേക്ക് ശേഖരിച്ചുവെക്കുന്ന സംവിധാനം പ്രായോഗികമാക്കാൻ കെ.എസ്.ഇ.ബി ശ്രമിച്ചുവരുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സഹായത്തോടെ കൂടുതൽ സോളാർ പാർക്കുകൾ സജ്ജമാക്കാനാണ് ആലോചന.
സോളാർ പാർക്കുകളുടെ ശേഷി കണക്കാക്കി മെഗാവാട്ടിന് 20 ലക്ഷം രൂപ അല്ലെങ്കിൽ ആകെ ചെലവിന്റെ 30 ശതമാനം വിഹിതമാണ് കേന്ദ്ര സഹായം. ഇതിൽ ഏതാണോ കുറവ് അതാവും അനുവദിക്കുക. ജലവൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതിനെക്കാൾ സോളാർ ഉൾപ്പെടെയുള്ള ഊർജ ഉൽപാദക മേഖലകളെ പിന്തുണക്കുന്നതാണ് കേന്ദ്ര സമീപനം. ഇത് അനുകൂലമാക്കാനാണ് ശ്രമം.
നിലവിൽ പ്രധാനമായും ആറ് കരാറുകൾ വഴിയാണ് വൻകിട സൗരോർജ ഉൽപാദകരിൽനിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നത്. സോളാർ എനർജി കോർപറേഷൻ (300 മെഗാവാട്ട്), എൻ.ടി.പി.സി സോളാർ (90 മെഗാവാട്ട്), ടി.പി സൗര്യ (110 മെഗാവാട്ട്) എന്നിവയാണ് പുറത്തുനിന്ന് വാങ്ങാൻ ഒപ്പിട്ട കരാറുകൾ. കായംകുളത്തെ എൻ.ടി.പി.സി ഫ്ലോട്ടിങ് സോളാർ (92 മെഗാവാട്ട്), സിയാൽ (10 മെഗാവാട്ട്) എന്നിവയും അനർട്ടുമാണ് കേരളത്തിൽ കരാറിലേർപ്പെട്ട സൗരോർജ ഉൽപാദകർ.
ആഭ്യന്തരമായി കൂടുതൽ സംരംഭങ്ങളുമായി കരാറിനുള്ള സാധ്യതകൾ തെളിയുന്നതിനൊപ്പം സ്വന്തം നിലയിലെ ഉൽപാദന മേഖല കൂടി വിപുലപ്പെടുത്തണമെന്ന അഭിപ്രായം മാനേജ്മെന്റ് തലത്തിലുണ്ട്. കൊല്ലം വെസ്റ്റ് കല്ലട ഫ്ലോട്ടിങ് സോളാർ പ്ലാന്റിൽനിന്ന് യൂനിറ്റിന് 3.04 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയിരുന്നു.
എൻ.എച്ച്.പി.സി നേതൃത്വത്തിൽ നടപ്പാക്കുന്ന പ്ലാന്റിന്റെ ശേഷി 50 മെഗാവാട്ടാണ്. കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
സമാന സാധ്യതകളാണ് കൂടുതൽ ഇടങ്ങളിൽ പരിഗണിക്കുന്നത്. സ്മാർട്ട് സിറ്റിക്കായി കൊച്ചിയിൽ കൈമാറിയ ഭൂമി തിരിച്ചുകിട്ടുകയാണെങ്കിൽ സോളർ പാർക്ക് ഉൾപ്പെടെ സാധ്യത പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.