അഞ്ച് വർഷം നടപടിയെടുക്കാത്ത സർക്കാർ ഇപ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നതെന്തിനാണെന്ന് ഉമ്മൻ ചാണ്ടി. സോളാർ കേസ് സി.ബി.ഐക്ക് വിടാനുള്ള സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്രനാളും കേസിൽ നടപടി എടുക്കാത്തത് സംബന്ധിച്ച് വിശദീകരിക്കാൻ സർക്കാറിന് ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുറത്തുവന്ന തീരുമാനം സംബന്ധിച്ച് വിശദമായി പിന്നീട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോളാർ സംബന്ധിച്ച ആറ് പീഡന കേസുകളാണ് സി.ബി.ഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച വിജഞാപനം ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇരയാക്കപ്പെട്ട യുവതി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെതുടർന്നാണ് നടപടി. ഉമ്മൻചാണ്ടി, കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അബ്ദുല്ലക്കുട്ടി, ഹൈബി ഈഡൻ തുടങ്ങിവർക്കെതിരായ കേസുകളാണ് സി.ബി.െഎക്ക് വിടുന്നത്. ഡൽഹി പൊലീസ് എക്സ്റ്റാബ്ലിഷ്മെന്റ് ആക്ട് അനുസരിച്ച് കേസുകൾ സി.ബി.ഐ ഏറ്റെടുക്കണമെന്ന് കാട്ടിയുള്ള ശിപാർശ ഉടൻ സർക്കാർ കേന്ദ്രത്തിനയക്കും.
നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകൾ ബാക്കിനിൽക്കെയാണ് എൽ.ഡി.എഫ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. 2006ൽ സമാനമായ രീതിയിൽ ലാവലിൻ കേസ് അന്നത്തെ സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു. സോളാർ കേസ് ഏറ്റെടുക്കണമോ എന്നുള്ളത് സി.ബി.ഐ സ്വന്തം വിേവചനാധികാരംകൂടി പരിഗണിച്ചാവും തീരുമാനിക്കുക.
സോളാർ കേസിന്‍റെ വ്യാപ്തി കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്നും അതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യെപ്പട്ടതെന്നും അത് അനുവദിച്ചുതന്നതിൽ സർക്കാറിനോട് നന്ദിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. ജനുവരി 12നാണ് ഇര മുഖ്യന്ത്രിക്ക് കേസ് സി.ബി.ഐക്ക് വിടാൻ ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.