കോഴിക്കോട്: ആർ.എസ്.എസുമായുള്ള ചർച്ചയിൽ രാജ്യത്തെ മുസ് ലിം സംഘടനകൾക്കൊപ്പം ജമാഅത്തെ ഇസ്‍ലാമി പങ്കെടുത്തതിനെ വിമർശിച്ച കെ.ടി ജലീൽ എം.എൽ.എക്ക് മറുപടിയുമായി സോളിഡാരിറ്റി അധ്യക്ഷൻ സി.ടി സുഹൈബ്. മുസ്ലിം സമുദായത്തിനകത്തെ ആഭ്യന്തര ഭിന്നതകളിൽ കക്ഷി ചേർന്ന് ഇടതുപക്ഷത്തിന് വേണ്ടി കുളം കലക്കി മീൻ പിടിക്കാനുള്ള പണി എടുത്തു കൊണ്ടിരിക്കുന്നയാളാണ് ജലീൽ എന്ന് സുഹൈബ് ഫേസ്ബുക്കിൽ കുറിച്ചു.
സുന്നി വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളെ ഇടത് രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ജലീലിന്‍റെ മുസ്ലിം സോഷ്യൽ എഞ്ചിനീയറിങ് പരസ്യമായ രഹസ്യമാണ്. മുസ് ലിം സമുദായത്തിലേക്കുള്ള ഇടതുപക്ഷ ബ്രോക്കറെന്ന നിലക്കുള്ള ഓവർ ടൈം പണിയുടേതടക്കം കമീഷൻ കൃത്യമായി കിട്ടുന്നില്ലേന്ന് ഉറപ്പു വരുത്താൻ ജലീൽ മറക്കേണ്ടെന്നും സുഹൈബ് എഫ്.ബി പോസ്റ്റിൽ പറയുന്നു.
ശുഹൈബ് സി.റ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്എം.എൽ.എയും മന്ത്രിയുമൊക്കെയാകും മുമ്പ് ചരിത്ര അധ്യാപകനായിരുന്നു കെ.ടി ജലീൽ എന്നാണ് കേട്ടിട്ടുള്ളത്. ആ നിലക്ക് ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയുടെ ചരിത്രവും സ്വാധീനവും അറിയാത്ത ആളല്ല ടിയാൻ. പക്ഷേ ജമാഅത്ത് വിരോധവും ഇടത് വിധേയത്വവും മൂലം പഠിച്ച ചരിത്രമൊക്കെ പലപ്പോഴും മടക്കി വെക്കാറാണ് പതിവ്. അത് കൊണ്ടാണല്ലോ ജംഇയ്യത്തുൽ ഉലമയടക്കം അഖിലേന്ത്യാ തലത്തിലെ പ്രമുഖ മുസ്ലിം സംഘടനാ പ്രതിനിധികൾ കൂടിയാലോചിച്ച് പങ്കെടുത്ത ചർച്ചയെ ജമാഅത്തെ ഇസ്ലാമി - ആർ.എസ്.എസ് ചർച്ചയാക്കി അവതരിപ്പിച്ച് ജമാഅത്തെ ഇസ്ലാമി മുസ്ലിംകളുടെ ബാപ്പയാകണ്ട എന്നൊക്കെ തട്ടി വിടുന്നത്.
മുസ്ലിം സമുദായത്തിനകത്തെ ആഭ്യന്തര ഭിന്നതകളിൽ കക്ഷി ചേർന്ന് ഇടത് പക്ഷത്തിന് വേണ്ടി കുളം കലക്കി മീൻ പിടിക്കാനുള്ള പണി എടുത്തു കൊണ്ടിരിക്കുന്നയാളാണ് കെ.ടി ജലീൽ. വഖഫ് വിഷയത്തിൽ മുസ്ലിം സംഘടനകളെല്ലാം ഭരണകൂട നിലപാടിനെതിരെ ഒരുമിച്ചിറങ്ങിയ ഘട്ടത്തിൽ "വഖഫ് സുന്നികളുടെ കാര്യമാണ് അതിൽ മുജാഹിദുകൾക്കെന്ത് കാര്യമെന്ന" ചോദ്യമുന്നയിച്ച് കുത്തിത്തിരിപ്പുമായി ഇദ്ദേഹം വന്നതൊക്കെ എല്ലാവർക്കും ഓർമ കാണും. പ്രബല സുന്നീ വിഭാഗങ്ങൾക്കിടയിലെ ഭിന്നതകളെ ഇടത് രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹത്തിന്‍റെ മുസ്ലിം സോഷ്യൽ എഞ്ചിനീയറിങ് പരസ്യമായ രഹസ്യമാണ്. മുസ്ലിം സമുദായത്തിന്‍റെ ഭാഗത്ത് നിന്ന് ഈയിടെ ഉയർന്ന് വരുന്ന ഭരണകൂട വിരുദ്ധ സമീപനങ്ങളെ മറികടക്കാൻ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തി കളിക്കാൻ കിട്ടിയ അവസരമെന്ന നിലക്കാണ് ഇപ്പോഴുള്ള ഈ കുരച്ച് ചാടലൊക്കെ.
മിസ്റ്റർ കെ.ടി ജലീൽ, ഇവിടാരാണ് മുസ്ലിം സുദായത്തിന്‍റെ ഉമ്മയും ബാപ്പയുമാകാൻ ശ്രമിക്കുന്നതെന്ന് നോക്കുന്നതിനിടയിൽ മുസ്ലിം സമുദായത്തിലേക്കുള്ള ഇടതുപക്ഷ ബ്രോക്കറെന്ന നിലക്കുള്ള ഓവർ ടൈം പണിയുടേതടക്കം കമ്മീഷൻ കൃത്യമായി കിട്ടുന്നില്ലേന്ന് ഉറപ്പു വരുത്താൻ ഇദ്ദേഹം മറന്ന് പോകണ്ട.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.