മാവേലിക്കര: ബുദ്ധ ജങ്ഷനിൽ മണ്ഡപം ഒരുക്കി മാവേലിക്കരയുടെ പുത്രനച്ഛനെ സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ട്. ശ്രീബുദ്ധ പ്രതിമ പുനഃപ്രതിഷ്ഠ ശതാബ്ദി ആഘോഷ സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷത്തിനു ഡിസംബർ എട്ടിനു തുടക്കമാകും. കേരളത്തിൽ വളരെ അപൂർവമായിട്ടുള്ള ബുദ്ധപ്രതിമ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള ബുദ്ധജങ്ഷനിലാണ് സ്ഥാപിച്ചത്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാണ് പ്രതിമ.
ഓണാട്ടുകരയിൽ ബുദ്ധമതം ശക്തമായി പ്രചരിച്ച കാലത്ത് നിർമിച്ചതെന്നു ചരിത്രകാരന്മാർ അവകാശപ്പെടുന്ന ബുദ്ധപ്രതിമ 1923ലാണു മണ്ഡപം ഒരുക്കി മാവേലിക്കര ബുദ്ധ ജങ്ഷനിൽ സ്ഥാപിച്ചത്. പുരാവസ്തു വകുപ്പ് ഇവിടെ സ്ഥാപിച്ച ഫലകത്തിൽ പത്താം നൂറ്റാണ്ടിലേതാണ് പ്രതിമ എന്നു പറയുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് കണ്ടിയൂരിൽ അച്ചൻകോവിലാറിന്റെ തീരത്തു കമഴ്ന്നു കിടന്ന ബുദ്ധ പ്രതിമ കണ്ടെത്തി ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു.
മാവേലിക്കര മേഖലയിൽ സജീവമായിരുന്ന ബുദ്ധമതം ക്ഷയിച്ചതോടെ ബുദ്ധ പ്രതിമ പുഞ്ചയോടു ചേർന്നു സ്ഥാപിച്ചതായാണു ചരിത്രകാരന്മാരുടെ കണ്ടെത്തൽ. ഈ പ്രതിമ പഴയ കേരളത്തിലെ ബുദ്ധമത നാഗരികതയുടെ ഓർമപ്പെടുത്തൽ കൂടിയാണ്. എന്നാൽ അന്ന് വിഗ്രഹത്തിനു ഉചിത സ്ഥാനം നൽകണമെന്നു പലർക്കും ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. വർഷങ്ങൾക്കു ശേഷം മാവേലിക്കരയിൽ മജിസ്ട്രേട്ട് ആയി എത്തിയ ആണ്ടിപ്പിള്ളയുടെ കണ്ടിയൂരിലെ വീട്ടിൽ വിദ്യാധിരാജ ചട്ടമ്പി സ്വാമി സന്ദർശനത്തിന് എത്തിയപ്പോഴാണ് ചിലർ പ്രതിമയുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയത്. സ്വാമിയുടെ നിർദേശ പ്രകാരം ആണ്ടിപ്പിള്ള തിരുവിതാംകൂർ ദിവാൻ ആയിരുന്ന രാഘവയ്യയെ വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് ദിവാന്റെ ഉത്തരവു പ്രകാരം പ്രതിമ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം സ്ഥാപിച്ചു. മാവേലിക്കര കൊട്ടാരത്തിൽ നിന്ന് അതിനായി മണ്ഡപവും നിർമിച്ചു നൽകി. ബുദ്ധ വിഗ്രഹത്തിനു പീഠം ഉൾപ്പെടെ മൂന്നടിയോളം ഉയരമുണ്ട്. യോഗാസനസ്ഥ രീതിയിലുള്ള വിഗ്രഹത്തിൽ ജ്വാല, ഉഷ്ണീഷം, ഉത്തരീയം എന്നീ ബൗദ്ധ ലക്ഷണങ്ങളുണ്ട്.
ശതാബ്ദി ആഘോഷ ഭാഗമായി ഡിസംബർ എട്ടിന് വൈകിട്ട് നാലിന് ആഘോഷങ്ങൾക്കു തുടക്കമാകും. ബുദ്ധ ചിത്രരചന, ബുദ്ധ കവിതകൾ ഉൾപ്പെടുത്തി കവിയരങ്ങ്, 100 ചിരാത് തെളിക്കൽ ഉൾപ്പെടെ പരിപാടികളോടെ തുടക്കമാകുന്ന ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ബുദ്ധപ്രതിമ ആദ്യം കാണപ്പെട്ട കണ്ടിയൂർ, പിന്നീടു കാണപ്പെട്ട ഇപ്പോഴത്തെ ടി.കെ.മാധവൻ സ്മാരക നഗരസഭ പാർക്ക് എന്നിവിടങ്ങളിലും പരിപാടികൾ നടത്തും. ശതാബ്ദി ആഘോഷ നടത്തിപ്പിനായി ചരിത്രഗവേഷകൻ ജോർജ് തഴക്കര (ചെയർമാൻ), ചിത്രകാരൻ ആർ.പാർഥസാരഥി വർമ (ജനറൽ കൺവീനർ), എസ്.അഖിലേഷ് (പ്രോഗ്രാം ചെയർമാൻ), ബിനു തങ്കച്ചൻ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനങ്ങൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.