സിനിമ പ്രവർത്തകരെ തടഞ്ഞതിൽ തെറ്റില്ലെന്ന് എസ്.പി എ.വി ജോർജ്

കൊച്ചി:  'അങ്കമാലി ഡയറീസ്'​ സിനിമ പ്രവർത്തകരെ മൂവാറ്റുപുഴ ഡിവൈ.എസ്.പി വഴിയിൽ തടഞ്ഞ സംഭവത്തിൽ തെറ്റില്ലെന്ന് എറണാകുളം റൂറൽ എസ്.പി എ.വി ജോർജ്. നിയമലംഘനം കണ്ടിട്ടും നടപടി എടുക്കാത്തതിന് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയോട് വിശദീകരണം തേടിയിട്ടുണ്ട്. സിനിമക്കാർ സഞ്ചരിച്ച വാഹനത്തിന്‍റെ ഗ്ലാസ് സ്റ്റിക്കറൊട്ടിച്ച് മറച്ചത് പിഴ ഈടാക്കേണ്ട കുറ്റമാണെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലെ നടിയുൾപ്പെടെയുള്ള അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും നേരെ ഡിവൈ.എസ്.പി കെ. ബിജുമോൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശ്ലീല പദപ്രയോഗങ്ങൾ നടത്തിയതും ഭീഷണിപ്പെടുത്തിയതും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. സിനിമ പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഭിനേതാക്കൾക്കു നേരെയാണ്  മൂവാറ്റുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സദാചാര പൊലീസിങ് നടന്നത്. 

മൂവാറ്റുപുഴ സെൻട്രൽ മാളിനു സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഏറ്റുമാനൂരിലെ മംഗളം എൻജിനീയറിങ് കോളജിൽ പരിപാടി കഴിഞ്ഞ് സിനിമയുടെ സ്റ്റിക്കറുകൾ പതിച്ച ഇന്നോവ കാറിൽ മടങ്ങുകയായിരുന്നു സംഘം. ചിത്രത്തിൽ യു ക്ലാംബ് രാജനെ അവതരിപ്പിച്ച ടിറ്റോ വിൽസൻ, അപ്പാനി രവിയെ അവതരിപ്പിച്ച ശരത്കുമാർ, ഭീമനെ അവതരിപ്പിച്ച വിനീത് വിശ്വം, സഖി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിന്നി റിങ്കി എന്നിവർക്കു പുറമെ ഫ്രൈഡേ ഫിലിംസിൻറെ രണ്ട് ജീവനക്കാരുമാണ് ഡ്രൈവറെക്കൂടാതെ കാറിലുണ്ടായിരുന്നത്.

പരിപാടിക്കു ശേഷം ശരത്കുമാറിനെ പെരുമ്പാവൂർ വഴി കാലടിയിൽ കൊണ്ടു വിടാനായിരുന്നു സംഘം യാത്ര തിരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി അപമാനിക്കുകയായിരുന്നുവെന്ന് അഭിനേതാക്കൾ മാധ്യമത്തോട് പറഞ്ഞു.

Tags:    
News Summary - sp av george react moral policing against angamali diaries actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.