കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സിവിധാനം നടപ്പാക്കുന്നതിൽ വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയുടെ സർക്കുലർ. സർക്കാർ സ്ഥാപനങ്ങൾ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനാണ് നേരത്തെ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
എന്നാൽ, നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ ഈ പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നത് സംബന്ധിച്ച് നിർദേശങ്ങൾ സമയബന്ധിമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടി സ്വീകരിക്കണമെന്നാണ് വെള്ളിയാഴ്ച പുറപ്പെടുവിച്ച സർക്കുലറിൽ ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നത്.
കലക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31 ന് മുമ്പ് ഈ സംവിധാനം നടപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ ഒന്നാമത്തെ നിർദേശം.
വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിൽ പുരോഗതി വിലയിരുത്തും. ഓരേ വകുപ്പിലെയും ഒരു അഡീഷണൽ സെക്രട്ടറി, ജോയിന്റ സെക്രട്ടറിയെ അതാത് വകുപ്പിന് കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാനും ചുമതലപ്പെടുത്തണം. ഈ ഓഫിസിലെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിന് ലഭ്യമാക്കണം.
ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്പോർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫിസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13 ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.