തിരുവനന്തപുരം: പുതുതായി സത്യപ്രതിജ്ഞ ചെയ്ത എം.എൽ.എമാർക്ക് നീല ട്രോളി ബാഗ് ഉപഹാരമായി നൽകി സ്പീക്കർ. എം.എൽ.എമാരായ രാഹുൽ മാങ്കൂട്ടത്തിലിനും യു.ആർ. പ്രദീപിനുമാണ് സ്പീക്കർ എ.എൻ. ഷംസീർ ട്രോളി ബാഗ് ഉപഹാരമായി നൽകിയത്. ബാഗിലുള്ളത് ഭരണഘടനയുടെയും നിയമസഭ ചട്ടങ്ങളുടെയും കോപ്പികളാണ്. നീല ട്രോളി ബാഗ് നല്‍കിയത് ബോധപൂര്‍വമാണെന്ന ആരോപണവും ഉയര്‍ന്നു. വിവാദമായതിന് പിന്നാലെ മറുപടിയുമായി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. എല്ലാ പുതിയ എം.എൽ.എമാർക്കും ബാഗ് നല്‍കാറുണ്ടെന്നും ഇത്തവണ ആകസ്മികമായാണ് നീല കളര്‍ ആയതെന്നുമാണ് സ്പീക്കറുടെ ഓഫിസിന്റെ വിശദീകരണം. ഉമാ തോമസിനും ചാണ്ടി ഉമ്മനും നൽകിയത് നീല ട്രോളി ബാഗ് തന്നെയാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ഏറെ ചർച്ച വിഷയമായ ഒന്നാണ് നീല ട്രോളി ബാഗ്. നീല ട്രോളി ബാഗില്‍ രാഹുലിന്റെ പ്രചാരണത്തിനായി പണമെത്തിച്ചെന്നായിരുന്നു സി.പി.എം ആരോപിച്ചിരുന്നത്. അതിന് പിന്നാലെ അർധരാത്രി പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത് വലിയ വിവാദമായിരുന്നു.
യു.ആർ. പ്രദീപ് ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നുമാണ് വിജയിച്ചത്. നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. എന്നാൽ, യു.ആർ. പ്രദീപ് രണ്ടാം തവണയാണ്. 2016ൽ ചേലക്കരയിൽ നിന്നാണ് ആദ്യമായി സഭയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.