പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണമെന്ന് സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റ പരാതിയില്‍ സ്പീക്കറുടെ റൂളിങ് നൽകി. പരാതി വസ്തുതാപരമാണെന്ന് പറഞ്ഞ സ്പീക്കര്‍ നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുണ്ടാകുന്നതെന്ന് കുറ്റപ്പെടുത്തി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മയാണ് വ്യക്തമാക്കുന്നത്. സഭാസമ്മേളനം അവസാനിക്കുന്ന 25 നകം എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചിരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ചോദ്യോത്തര വേളയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷം നേരത്തെതന്നെ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിഷയത്തില്‍ സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചത്. 240 ചോദ്യങ്ങള്‍ക്കുവരെ ഒരുദിവസം മറുപടി നല്‍കാതിരിക്കുന്നുവെന്ന് പരാതിയില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ സ്പീക്കര്‍ റൂളിങ് നല്‍കിയത്.

331 ചോദ്യങ്ങളാണ് പ്രതിപക്ഷം ഇതുവരെ ചോദിച്ചിരിക്കുന്നത്. ഇതില്‍ 14 ചോദ്യങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ഉത്തരം നല്‍കിയത്. ഇത് അനുവദിച്ച് നല്‍കാന്‍ പറ്റില്ല. ഈ രീതിയില്‍ മുന്നോട്ടുപോകുന്നത് സഭാ നടത്തിപ്പുകളെ ബാധിക്കും. സഭാ സമ്മേളനം ആറ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ സഭാസാമാജികരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി പറയണമെന്നും സ്പീക്കര്‍ പറഞ്ഞു.

കഴിഞ്ഞ സഭാസമ്മേളനത്തിലും ഇതേ രീതിയില്‍ തന്നെ സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്‍കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ഗൗരവമായെടുത്ത് സ്പീക്കര്‍ പ്രത്യേക റൂളിങ് പുറപ്പെടുവിക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് ഉന്നയിച്ചത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Tags:    
News Summary - The speaker's ruling: Must give answers to the questions in the niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.