തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈകോടതി കണക്കിലെടുത്തതിൽ സന്തോഷം; റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

'തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈകോടതി കണക്കിലെടുത്തതിൽ സന്തോഷം'; റാഗിങ് കേസുകള്‍ക്കായി പ്രത്യേക ബെഞ്ച് സ്വാഗതാര്‍ഹമെന്ന് ചെന്നിത്തല

കൊച്ചി: റാഗിങ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള ഹൈകോടതി തീരുമാനം അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ വര്‍ഷം പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിന്റെ മരണത്തിന് ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം അനുവദിച്ച സിംഗ്ള്‍ ബെഞ്ച് വിധിയില്‍ അതിശക്തമായ അമര്‍ഷം രേഖപ്പെടുത്തിയ തന്നെപ്പോലുള്ള പൊതുപ്രവര്‍ത്തകരുടെ വികാരം ഹൈകോടതി കണക്കിലെടുത്തതായി കരുതുന്നുവെന്നും അതിന്റെ കൂടി ഫലമായിരിക്കാം ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് സിദ്ധാര്‍ഥനെ എസ്.എഫ്‌.ഐ നേതൃത്വം അതിക്രൂരമായി രണ്ടു ദിവസത്തോളം പരസ്യമായി മർദിച്ചും അപമാനിച്ചും മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. ആ കുട്ടിയുടേത് ആത്മഹത്യയെന്നു കരുതാനാവില്ല. അതിനെ കൊലപാതകം എന്നു തന്നെ വിലയിരുത്തണം. എന്നിട്ടും സിംഗ്ള്‍ ബെഞ്ച് പറഞ്ഞത് സിദ്ധാര്‍ഥിന്റെ മരണകാരണം മനസ്സിലായില്ലെന്നും മുതിര്‍ന്ന കുട്ടികള്‍ ശാസിച്ച് ഗുണദോഷിക്കാന്‍ നടത്തിയ ശ്രമമെന്നുമായിരുന്നു. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കോടതിവിധിയായിരുന്നു അത്.

ഈ സംരക്ഷണമാണ് കോട്ടയം നഴ്‌സിങ് കോളജ് അടക്കം പല കോളജുകളിലും കടുത്ത റാഗിങ്ങിലേക്കു പിന്നീട് നയിച്ചത്. തെറ്റായ സന്ദേശമാണ് ആ വിധി നല്‍കിയത്. താനടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ അതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

കേരളത്തില്‍ റാഗിങ് കേസുകള്‍ വര്‍ധിക്കുകയും അതില്‍ കുറ്റക്കാരായവര്‍ രാഷ്ട്രീയ സംരക്ഷണം മൂലം ശിക്ഷിക്കപ്പെടാതെ പോവുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. പ്രതികള്‍ക്ക് യൂനിവേഴ്‌സിറ്റിയുടെയും പൊലീസിന്റെയും സര്‍ക്കാരിന്റെയും സംരക്ഷണം ലഭിക്കുന്നു. ഈ പുതിയ ബെഞ്ചിന്റെ രൂപവത്കരണ തീരുമാനം റാഗിങ് അവസാനിപ്പിക്കാനുള്ള ആദ്യ പടി ആകുമെന്നും കേരളത്തിലെ റാഗിങ് ഇരകള്‍ക്കു നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Special bench for ragging cases: High Court decision is welcome, says Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.