തിരുവമ്പാടി (കോഴിക്കോട്): സംസ്ഥാനത്തെ സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിര നിയമന കേസിൽ സുപ്രീം കോടതിയിൽ സർക്കാർ നൽകുന്ന സത്യവാങ്മൂലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിലെ സേവനകാലം പൂർണമായി ഉൾപ്പെടുത്താൻ നിർദേശം. സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ വൈ.എസ്. ഷൂജ ഇതു സംബന്ധിച്ച നിർദേശം 14 ജില്ല പ്രോഗ്രാം കോഓഡിനേറ്റർമാർക്കും നൽകി. എസ്.എസ്.എ, ആർ.എം.എസ്.എ, എസ്.എസ്.കെ സേവന കാലാവധി മാത്രം പരിഗണിക്കാൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ കഴിഞ്ഞ വെള്ളിയാഴ്ച നൽകിയ നിർദേശം വിവാദമായിരുന്നു. സത്യവാങ്മൂലത്തിൽ സേവന കാലാവധി കുറച്ച് കാണിക്കാനുള്ള നീക്കം സംബന്ധിച്ച് ‘മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷൽ എജുക്കേറ്റർമാർക്ക് 2000 മുതലുള്ള സേവന കാലാവധി നിർബന്ധമായി പരിഗണിക്കാൻ പ്രോഗ്രാം ഓഫിസർ നിർദേശിച്ചത്. ഇതോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനുകീഴിൽ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ഐ.ഇ.ഡി.സി (2000 -2009), ഐ.ഇ.ഡി.എസ്.എസ് (2009 - 2017) പദ്ധതികളിലെ സേവന കാലം ഉൾപ്പെടെ പരിഗണിക്കാൻ തീരുമാനമായി. ചൊവ്വാഴ്ച രാവിലെ സംസ്ഥാനത്തെ 168 ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും ഇതു സംബന്ധിച്ച നിർദേശമെത്തി. സംസ്ഥാനത്ത് 24 വർഷമായി സേവന-വേതന വ്യവസ്ഥയില്ലാതെ പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർമാരാണ് കോടതിയിലെത്തിയത്. ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ സുപ്രീം കോടതിയിൽ നൽകിയ റിട്ട് ഹരജിയിൽ കേരളത്തിലെ 153 സ്പെഷൽ എജുക്കേറ്റർമാർ കക്ഷിചേരുകയായിരുന്നു. ഈ കേസിലാണ് വ്യക്തമായ സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി നിർദേശിച്ചത്. കേസ് ഏപ്രിൽ 16നാണ് വീണ്ടും പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.