കണ്ണൂര്‍: ജില്ല പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അഴിമതിയാരോപണം ഉയർത്തിയതിന് പിന്നാലെ എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കണ്ണൂർ ജില്ല പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡി.ഐ.ജി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
അതേസമയം, എ.ഡി.എമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തൻ പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. പെട്രോൾ പമ്പിന് അനുമതി നേടിയത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കണ്ടെത്തി. സർവിസിലിരിക്കെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങരുതെന്ന ചട്ടം പ്രശാന്തന്‍ പാലിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രശാന്തനെതിരെ തുടർനടപടി വേണമെന്നും ശിപാർശയുണ്ട്.
പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. പ്രശാന്തൻ ഇനി സർവിസിൽ ഉണ്ടാകാൻ പാടില്ല. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കുമെന്നുമായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.
ഒക്ടോബർ 15ന് രാവിലെയാണ് കണ്ണൂർ എ.ഡി.എം കെ. നവീൻ ബാബുവിനെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിൽ പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് പിറ്റേന്ന് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.