തിരുവനന്തപുരം: സർക്കാർ സർവിസിൽ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാൻ സ്പെഷൽ റിക്രൂട്ട്മെന്റ് നിർദേശവുമായി പി.എസ്.സി. സുപ്രീംകോടതി വിധിയുടെയും കേന്ദ്ര ആക്ടിലെയും വ്യവസ്ഥകൾക്കനുസരിച്ച് ആകെ തസ്തിക അടിസ്ഥാനമാക്കി ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ നാല് ശതമാനം ഭിന്നശേഷി സംവരണം സ്പെഷൽ റിക്രൂട്ട്മെന്റായി നടപ്പാക്കാനാകുമെന്നാണ് കമീഷൻ വിലയിരുത്തൽ. ഇത് നടപ്പാക്കാനും സർക്കാർ ഉത്തരവ് വേണ്ടിവരും.
ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പാക്കുന്നതിനെക്കുറിച്ച് നേരത്തേ പി.എസ്.സിയിൽനിന്ന് ലഭിച്ച നിർദേശങ്ങൾക്ക് സർക്കാർ ഇനിയും മറുപടി നൽകിയിട്ടില്ല. അതേസമയം ഹൊറിസോണ്ടലായി സംവരണം നടപ്പാക്കുന്നതിൽ സർക്കാർ കമീഷന്റെ അഭിപ്രായം തേടിയിട്ടുണ്ട്. സർക്കാറും കമീഷനും വിഷയം എങ്ങനെ നടപ്പാക്കാമെന്നതിൽ അന്തിമ ധാരണയിലെത്തിയിട്ടില്ല. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നടപ്പാക്കുമ്പോൾ മുസ്ലിം സംവരണ ടേണുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതുകൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിർദേശങ്ങൾ.
സർക്കാറിന്റെ പുതിയ നിർദേശം
സാമൂഹിക വകുപ്പ് ഭിന്നശേഷി സംവരണത്തിൽ പുതിയ നിർദേശം തയാറാക്കി. ഭിന്നശേഷിക്കാരിൽ യോഗ്യത നേടിയ ഉദ്യോഗാർഥികളെ പ്രധാന ലിസ്റ്റിൽ ഉൾപ്പെടുത്തുകയും അല്ലാത്തവരെ പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തുകയും അതിൽ ഉയർന്ന റാങ്കിൽ വരുന്ന ഉദ്യോഗാർഥികൾക്ക് ആ വ്യക്തി ഏത് വിഭാഗത്തിലാണോ അവരുടെ ടേണിന് അനുസൃതമായി ആദ്യ നിയമനം നൽകുകയും വേണമെന്നാണ് നിർദേശം. 25ന്റെ ഓരോ ബ്ലോക്കിലും ഒരു ഭിന്നശേഷിക്കാരന് നിയമനം ലഭിക്കുന്നെന്ന് ഉറപ്പാക്കണം.
25 ന്റെ ബ്ലോക്കിൽ ഭിന്നശേഷി വിഭാഗം ഇല്ലെങ്കിൽ ഭിന്നശേഷിയുള്ള ഏതെങ്കിലും ഉദ്യോഗാർഥി ലഭ്യമാണെങ്കിൽ ആ ഉദ്യോഗാർഥിക്ക് നിയമനം നൽകാം. അതും സാധ്യതമല്ലാത്തപക്ഷം ആ ബ്ലോക്കിലെ അവസാനത്തെ നിയമനം ഭിന്നശേഷി ഉദ്യോഗാർഥിക്ക് നൽകണം. ആ ഒഴിവിൽ നിയമനം ലഭിക്കേണ്ടിയിരുന്ന ടേൺ താൽക്കാലികമായി മാറ്റാം. ഹൊറിസോണ്ടൽ രീതിയാണിത്. ഭിന്നശേഷി സംവരണം ഉറപ്പാക്കി ഇവ നടപ്പാക്കാൻ എക്സിക്യൂട്ടിവ് ഉത്തരവിറക്കുകയും 19ൽ ഇറക്കിയ ഉത്തരവ് റദ്ദാക്കുകയും ചെയ്യാം. ആവശ്യമെങ്കിൽ കെ.എസ് ആൻഡ് എസ്.എസ്.ആർ, പബ്ലിക് സർവിസ് നിയമന ചട്ടങ്ങൾ എന്നിവ ഭേദഗതി ചെയ്യണമെന്നും സർക്കാറിന് അഭിപ്രായമുണ്ട്.
സ്പെഷൽ റിക്രൂട്ട്മെന്റ് നിർദേശം
ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം സ്പെഷൽ റിക്രൂട്ട്മെന്റ് വഴി നടപ്പാക്കാനാകുമെന്ന് സർക്കാറിനെ കമീഷൻ അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഓരോ എസ്റ്റാബ്ലിഷ്മെന്റിലും ഭിന്നശേഷി ഒഴിവുകൾ കണ്ടെത്തേണ്ടിവരും. സ്പെഷൽ റിക്രൂട്ട്മെന്റ് വിഷയത്തിൽ സർക്കാർ പി.എസ്.സിയുടെ അഭിപ്രായം ആരാഞ്ഞിരുന്നു.
രണ്ടു മാസം മുമ്പ് കമീഷൻ നിർദേശം നൽകിയെങ്കിലും സർക്കാർ പ്രതികരിച്ചിട്ടില്ല. എല്ലാ എസ്റ്റാബ്ലിഷ്മെന്റിലും ആകെ തസ്തികകളുടെ നാല് ശതമാനം കണ്ടെത്തുകയും 100 പോയന്റ് റോസ്റ്റർ രജിസ്റ്റർ തയാറാക്കി ഒഴിവുകൾ രേഖപ്പെടുത്തുകയും ഓരോ ഭിന്നശേഷി വിഭാഗത്തിനും നിയമനം നൽകേണ്ട ഒഴിവുകൾ എത്രയാണെന്ന് കണ്ടെത്തുകയും ചെയ്ത് പി.എസ്.സിയെ അറിയിച്ചാൽ പ്രത്യേകം തെരഞ്ഞെടുപ്പ് നടത്താനാകുമെന്നും കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.