കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിന് അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു. പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നേരത്തേ അസ്വാഭാവിക മരണത്തിനു മാത്രമായിരുന്നു കേസെടുത്തത്. സംസ്ഥാന പട്ടിക വർഗ കമീഷന്റെ നിർദേശത്തെ തുടർന്നാണ് പൊലീസ് പുതിയ വകുപ്പ് ചേർത്തത്.
സിറ്റി പൊലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമീഷണറുടെയും മേൽനോട്ടത്തിലാണ് പത്തംഗ സ്ക്വാഡ് പ്രവർത്തിക്കുക. ബുധനാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം മൊഴിയെടുക്കാനെത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ സൂക്ഷ്മ പരിശോധനയും നടന്നു. മരിച്ച വിശ്വനാഥനെ ആൾക്കൂട്ടം ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ആളുകളെ തിരിച്ചറിയാൻ പൊലീസിന് സാധിച്ചിട്ടില്ല.
ശനിയാഴ്ചയാണ് ആദിവാസി യുവാവ് കൽപറ്റ സ്വദേശി വിശ്വനാഥൻ മെഡി. കോളജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ചത്. മോഷണ ആരോപണവുമായി ബന്ധപ്പെട്ട മാനസികപീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം. വിശ്വനാഥനെ ആൾക്കൂട്ട വിചാരണക്ക് വിധേയരാക്കിയവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. പൊലീസ് റിപ്പോർട്ടിനെതിരെ സംസ്ഥാന പട്ടികവർഗ കമീഷൻ രൂക്ഷമായ വിമർശനമാണ് കഴിഞ്ഞ ദിവസം നടത്തിയത്. സംഭവത്തിൽ ദേശീയ പട്ടികവർഗ കമീഷൻ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.