അമിതവേഗ അപകടം: ആറ് മാസത്തിനകം ഇനി ലൈസൻസ് പുതുക്കി നൽകില്ലെന്ന് മന്ത്രി

കാസർകോട്: ലഹരി ഉപയോഗിച്ചും അമിത വേഗത്തിലും അശ്രദ്ധയിലും വാഹനങ്ങൾ ഓടിച്ച് അപകടം വരുത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ആറു മാസത്തിനകം ലൈസൻസ് പുതുക്കി നൽകുന്ന പതിവ് തുടരില്ല. ഇതിന് നിബന്ധന കർശനമാക്കി. എടപ്പാൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ മൂന്ന് ദിവസം പരിശീലനം നേടണം. മൂന്നു ദിവസം അപകട ചികിത്സ നടത്തുന്ന ടോമാ കെയർ സംവിധാനമുള്ള ആശുപത്രികളിൽ സാമൂഹിക പ്രവർത്തനം നടത്തണം. ഇങ്ങനെ മനോഭാവത്തിൽ മാറ്റം വരുത്തുകയും പരിശീലനം നേടുകയും ചെയ്ത ശേഷം മാത്രമേ ലൈസൻസ് പുനസ്ഥാപിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് ടൗൺഹാളിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹനീയം പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജർമ്മൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സീതാംഗോളിയിലെ ബേള ഡ്രൈവിംങ് ടെസ്റ്റ് കേന്ദ്രം ഈ വർഷം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ജോയിന്റ് ആർ.ടി.ഒ ഓഫിസ് അനുവദിക്കുന്നതിന് ധനകാര്യ വകുപ്പിൽ നിന്ന് അനുമതി ലഭിച്ചാൽ പ്രഥമ പരിഗണന നൽകും. ജില്ലയിൽ വാഹനാപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത് ദേശീയപാത 66ലും കാഞ്ഞങ്ങാട്- കാസർകോട് കെ.എസ്.ടി.പി റോഡിലുമാണ്. 70 കിലോമീറ്റർ പരിധിയിൽ ആണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. ഇത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന റോഡ് ഗതാഗത സുരക്ഷ അതോറിറ്റിയുടെ നവംബർ രണ്ടിന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.

ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് കേരളത്തിൽ എത്തിയാൽ ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാരുമായി സംസ്ഥാനം ചർച്ച നടത്തും. എൻ.ഐ.സി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിൽ പരിവാഹൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പ്രത്യേക പരിഗണന നൽകുന്നതിന് നടപടി സ്വീകരിക്കും. പാസ്പോർട്ട് വിവരങ്ങൾ യാത്രാ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയാൽ പ്രത്യേക സ്ലോട്ട് അനുവദിക്കുന്നതിന് അഭ്യർഥിക്കുമെന്നും മന്ത്രി പറഞ്ഞു.

ആർ.ടി.ഒ ചെക്ക്പോസ്റ്റുകൾ വഴി നികുതി അടക്കുന്നതിനും സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്നതിനും പെർമിറ്റ് പുതുക്കുന്നതിനും അപേക്ഷ സ്വീകരിച്ച് നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കും.

4.7 ലക്ഷം വാഹനങ്ങളാണ് കാസർകോട് ജില്ലയിലുള്ളത്. ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ഒരാഴ്ചയായി നടത്തി വരുന്ന കർശന പരിശോധന ശക്തമായി തുടരും. ഒരാഴ്ചക്കകം 4723 കേസുകളെടുത്തു. 81.8 ലക്ഷം രൂപ പിഴയായി ഈ ടാക്കി. എട്ട് വാഹനങ്ങളുടെ ആർസി യും 126 ഡ്രൈവിങ് ലൈസൻസും റദ്ദാക്കി. 298 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കിയതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - Speeding accident: Minister Antony Raju says that license will not be renewed within six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.