മുന്നണി മാറ്റം: ആർ.ജെ.ഡിയിൽ ഭിന്നത

തൃശൂർ: സർക്കാറിലും ഇടതു​ മുന്നണിയിലും നേരിടുന്ന അവഗണനക്കെതിരെ അമർഷം പുകയുമ്പോഴും മുന്നണിമാറ്റ കാര്യത്തിൽ രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റിയിൽ ഭിന്നാഭിപ്രായം. ഇനിയും ഇങ്ങനെ തുടരേണ്ടതില്ലെന്ന്​ ഒരു വിഭാഗം വാദിച്ചപ്പോൾ ഇപ്പോൾ മുന്നണി മാറിയാൽ പാർട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന്​ തൃശൂരിൽ ഞായറാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ മറ്റൊരു വിഭാഗം വാദിച്ചു. ഒടുവിൽ, മുന്നണി നേതൃത്വത്തിനും സർക്കാറിനും അൽപംകൂടി സാവകാശം നൽകാനും തുടർനടപടി പിന്നീട്​ ആലോചിക്കാനും തീരുമാനിച്ച്​ പിരിഞ്ഞു. സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ശ്രേയാംസ് കുമാറിന്‍റെ അധ്യക്ഷതയിൽ അയ്യന്തോൾ കോസ്റ്റ്​ഫോർഡ്​ ഹാളിലായിരുന്നു മുഴുവൻ ദിവസം നീണ്ട യോഗം.

പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുന്നണി നേതൃത്വത്തിന്‍റെ, പ്രത്യേകിച്ച്​ സി.പി.എമ്മിന്‍റെ സമീപനം ശരിയല്ലെന്നും യോജിച്ച നയപരിപാടികൾ മുന്നണിക്ക്​ ഇല്ലെന്നുമുള്ള അഭിപ്രായം എല്ലാവരും പ്രകടിപ്പിച്ചതായി ഭാരവാഹികളിൽ ഒരാൾ ‘മാധ്യമ’ത്തോട്​ പറഞ്ഞു. സർക്കാറിന്‍റെ പല പരിപാടികളും പരാജയമാണ്​. അധികാരത്തിന്‍റെ ഭാഗമാണെന്ന്​ പറയുകയും ഒരു അധികാരവും ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്​ ആർ.ജെ.ഡി നേരിടുന്നത്​.

ഈ ഘട്ടത്തിൽ എൽ.ഡി.എഫ്​ വിട്ട്​ യു.ഡി.എഫിലേക്ക്​ പോകുന്നത്​ സംസ്ഥാനത്ത്​ വരാനിരിക്കുന്ന ഭരണമാറ്റം പ്രതീക്ഷിച്ചുള്ള ചാഞ്ചാട്ടമായി വ്യാഖ്യാനിക്കുമെന്നും അത്​ വിശ്വാസ്യതയെ ബാധിക്കുമെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയോടും മുന്നണി കൺവീനറോടും പ്രശ്നങ്ങൾ അവതരിപ്പിച്ചതാണ്​. ഒരു ഫലവും ഉണ്ടായില്ലെങ്കിലും ഒരിക്കൽക്കൂടി ചർച്ച ചെയ്യണം. കാര്യങ്ങൾ നേരെയാകുമോ എന്ന്​ ഒരിക്കൽക്കൂടി നോക്കണം. ഇടതുമുന്നണി ജനതാദളിന്‍റെ കൂടി സൃഷ്ടിയാണ്​. ആദ്യ കൺവീനർ എം.പി. വീരേന്ദ്രകുമാറായിരുന്നു. അതുകൊണ്ട്​ ചെറിയ സാവകാശം കൂടി കൊടുക്കാമെന്ന വാദം എതിർപ്പിനിടയിലും പൊതുവെ അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത്​ ജാതി സെൻസസ്​ എന്ന ആവശ്യം ശക്തമായി ഉന്നയിക്കാൻ യോഗം തീരുമാനിച്ചു. അടുത്ത മുന്നണി യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടാനും ധാരണയായി. 

Tags:    
News Summary - Split in Rashtriya Janata Dal State Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.