കോഴിക്കോട്: ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കാൻ റിട്ടേണിങ് ഓഫിസർമാരെയടക്കം നിയമിച്ച് സർക്കാർ ഉത്തരവായി. 2000ത്തിലെ കേരള സ്പോർട്സ് നിയമപ്രകാരമാണ് പ്രാദേശിക തലങ്ങളിൽ സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുന്നത്.
നിലവിൽ ജില്ല, സംസ്ഥാന തലങ്ങളിൽ മാത്രമാണ് സ്പോർട്സ് കൗൺസിലുകളുള്ളത്. ഇവയുടെ നിയന്ത്രണത്തിൽ പ്രാദേശിക തലത്തിൽ നിന്ന് കൂടുതൽ കായിക താരങ്ങളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. 2010 മുതൽ ഇതുസംബന്ധിച്ച ആലോചന നടന്നെങ്കിലും കഴിഞ്ഞ ആഗസ്റ്റിൽ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനപ്രകാരമാണിപ്പോൾ നടപടികൾ വേഗത്തിലാക്കി സർക്കാർ ഉത്തരവിറക്കിയത്.
941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറ് കോർപറേഷനുകളിലുമാണ് സ്പോർട്സ് കൗൺസിലുകൾ രൂപവത്കരിക്കുന്നത്. കോർപറേഷൻ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ വരണാധികാരികളായി ജില്ല കലക്ടർമാരെയും മുനിസിപ്പാലിറ്റികളിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറെയും ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർമാരെയുമാണ് നിയോഗിച്ചത്.
ഗ്രാമ സ്പോർട്സ് കൗൺസിലിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പൊലീസ് സബ് ഇൻസ്പെക്ടർ, തദ്ദേശ വകുപ്പിലെ അസി. എൻജിനീയർ, മെഡിക്കൽ ഓഫിസർ, വില്ലേജ് ഓഫിസർ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളും കായിക താരങ്ങളായ വനിത ഉൾപ്പെടെ രണ്ടുപേർ, രണ്ട് കായിക അധ്യാപകർ, പ്രദേശത്തെ സ്കൂൾ പി.ടി.എ പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എന്നിവർ നാമനിർദേശം ചെയ്യപ്പെടുന്ന അംഗങ്ങളുമായിരിക്കും.
വനിതയും പട്ടിക വിഭാഗത്തിൽപെട്ടവരടക്കം മൂന്ന് പഞ്ചായത്തംഗങ്ങളും രണ്ട് ക്ലബുകളുടെ പ്രസിഡന്റുമാരുമാണ് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ. കൗൺസിലിന്റെ പ്രസിഡന്റായി പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയായി പഞ്ചായത്ത് സെക്രട്ടറിയുമാണ് പ്രവർത്തിക്കുക. സമാന മാതൃകയിലാണ് മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിലും സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കുകയെങ്കിലും തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകും.
എക്സ് ഒഫീഷ്യോ അംഗങ്ങൾ അല്ലാത്തവരുടെ കാലാവധി അഞ്ചുവർഷംവരെയായിരിക്കും. എന്നാൽ നാമനിർദേശം ചെയ്യുന്ന വിദ്യാർഥി പ്രതിനിധികൾക്ക് ഒരു വർഷമെ തുടരാനാവൂ. തുടർച്ചയായി രണ്ടുതവണയിൽ കൂടുതൽ ഒരാളെ നാമനിർദേശം ചെയ്യാനുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.