കൊച്ചി: കായിക താരങ്ങൾ മുഴുവൻ കേരളം വിട്ടുപോകുകയാണെന്ന് ഹൈകോടതി. അർജുന അവാർഡ് നിഷേധിച്ചതിനെതിരായ മുൻ ദേശീയ ട്രിപ്പിൾ ജമ്പ് താരം രഞ്ജിത് മഹേശ്വരിയുടെ ഹരജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് പരാമർശം.
ഹരജിയിൽ ഉത്തേജക മരുന്നു പരിശോധനയുടെ വിവരങ്ങൾ ഹാജരാക്കാൻ ഹൈകോടതി നിർദേശം നൽകി. തെറ്റായ കണ്ടെത്തലാണ് രഞ്ജിത്ത് മഹേശ്വരിക്കെതിരെ ഉണ്ടായതെന്നു വ്യക്തമായാൽ ഇടപെടുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മൂന്നാഴ്ച കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കും.
സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് താരങ്ങൾ കേരളം വിടുകയാണ്. ലോകശ്രദ്ധയാകർഷിക്കുന്ന പ്രകടനങ്ങൾ നടത്തിയാലും സർക്കാറിൽനിന്ന് ആദരവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതാണ് കേരളം വിടാനുള്ള കാരണമായി താരങ്ങൾ പറയുന്നത്.
രാജ്യാന്തര ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയിക്ക് പിന്നാലെ, ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്യില്ലെന്ന് ട്രിപ്ൾ ജംപ് രാജ്യാന്തര താരങ്ങളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും കേരള അത്ലറ്റിക്സ് അസോസിയേഷനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒഡീഷക്കുവേണ്ടിയോ തമിഴ്നാടിന് വേണ്ടിയോ ഇറങ്ങാനാണ് ഇവരുടെ തീരുമാനം. ഇനി തമിഴ്നാടിനു വേണ്ടി മത്സരിക്കാനാണ് പ്രണോയിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.