തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തില്ലെന്ന നിലപാടിൽ സർക്കാർ പിടിവാശി തുടരുമ്പോൾ, ആരാധനഭൂമിയെ വീണ്ടും സമരവേദിയാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനൊരുങ്ങി ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും. സർക്കാറും ദേവസ്വം ബോർഡും ശബരിമലയിൽ തീർഥാടനത്തിന് അനാസ്ഥ കാണിക്കുന്നെന്നാരോപിച്ച് ഈ മാസം 26ന് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പന്തളത്ത് യോഗം ചേരാൻ തീരുമാനിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുവർഷം മാത്രം ബാക്കിനിൽക്കെ സ്പോട്ട് ബുക്കിങ് രാഷ്ട്രീയ വിഷയമായി ഉയർത്താനാണ് ബി.ജെ.പി തീരുമാനം. ഒരു വെർച്വൽ ക്യൂവും ഇല്ലാതെ ഭക്തരെ ശബരിമലയിൽ ദർശനം നടത്താൻ ബി.ജെപി സഹായിക്കുമെന്ന സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നിലപാട് ഇതിലേക്കുള്ള വെടിമരുന്നാണ്. ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തുന്നത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് മണ്ഡലക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആചാര സംരക്ഷണ സമിതി, അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവ സമാജം, സംഘ്പരിവാർ നയിക്കുന്ന ശബരിമല കർമ സമിതിയും പ്രക്ഷോഭം പ്രഖ്യാപിച്ചത് സർക്കാറിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ ഓൺലൈൻ ബുക്കിങ്ങിനൊപ്പം അനിയന്ത്രിതമായി സ്പോട്ട് ബുക്കിങ്ങും അനുവദിച്ചതിനെ തുടർന്ന് തീർഥാടനം അലങ്കോലമായിരുന്നു. ഭക്തജനത്തിരക്ക് കാരണം അയ്യപ്പഭക്തരെ പൊലീസ് വഴിയിൽ തടയുകയും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ പലരും വഴിയിൽ മാലയൂരി പ്രതിഷേധിച്ച് മടങ്ങുകയും ചെയ്തിരുന്നു. കടുത്ത വിമർശനമാണ് ഹൈകോടതിയിൽനിന്നടക്കം സർക്കാറിന് നേരിടേണ്ടിവന്നത്. ഇത്തരമൊരു അവസ്ഥ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ അവലോകനയോഗത്തിൽ ഓൺലൈൻ ബുക്കിങ് വഴി പ്രതിദിനം 80,000 പേരെമാത്രം കടത്തിവിട്ടാൽ മതിയെന്ന നിർദേശം ഉണ്ടായത്.
എന്നാൽ, ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ലെന്ന നിലപാടിലാണ് ഹിന്ദുസംഘടനകൾ. ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്പോട്ട് ബുക്കിങ് ഒഴിവാക്കുന്നത് കുട്ടികളും പ്രായമായവരുമടക്കം ആയിരക്കണക്കിന് ഭക്തജനത്തിന് ദർശനത്തിനുള്ള അവസരം നിഷേധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു
അതേസമയം, കരുതലോടെയാണ് കോൺഗ്രസ് നീക്കം. സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുണ്ടെങ്കിലും ശബരിമലയെ പ്രക്ഷോഭവേദിയാക്കുന്നതിനോട് താൽപര്യമില്ല. ശബരമിലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് സമാനമായ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുള്ളതിനാൽ വിവാദ തീരുമാനത്തിൽനിന്ന് പിന്മാറണമെന്ന് പത്തനംതിട്ട സി.പി.എം ജില്ല നേതൃത്വം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ തീരുമാനത്തിൽ സി.പി.ഐക്കും അമർഷമുണ്ട്.
സ്പോട്ട് ബുക്കിങ് പൂർണമായി അവസാനിപ്പിച്ചതിൽ ദേവസ്വം ബോർഡിനും എതിരഭിപ്രായമുണ്ടെങ്കിലും അതു പുറത്തു പറയാൻ കഴിയാത്ത അവസ്ഥയിലാണ് അംഗങ്ങൾ. സ്പോട്ട് ബുക്കിങ് വേണ്ടെന്ന് തീരുമാനിച്ചത് മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ്. അതു മാറ്റണമെങ്കിലും മുഖ്യമന്ത്രി തീരുമാനിക്കണം. ഇതുസംബന്ധിച്ച് തിങ്കളാഴ്ച ദേവസ്വം ബോർഡ് യോഗം ചേരും. പരിമിതമായ അളവിലെങ്കിലും സ്പോട്ട്ബുക്കിങ് ഏർപ്പെടുത്തണമെന്ന് യോഗം ദേവസ്വം മന്ത്രിയോട് ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.