കാട്ടാക്കട: വിധിയുടെ വെയിലേറ്റ് കതിരുവാടിയ സ്വപ്നങ്ങള്‍ക്ക് ജീവന്‍കൊണ്ട് നനവേകി പച്ചമണ്ണില്‍ വിസ്മയം വിളയിച്ച അഗസ്ത്യവനത്തിലെ കൊമ്പിടി സെറ്റില്‍മെൻറിലെ ശ്രീധരന്കാണിക്ക് ഒടുവിൽ അംഗീകാരം. ഇരുകൈപ്പത്തികളും നഷ്ടപ്പെട്ടിട്ടും ഇച്ഛാശക്തിയുടെ കരുത്തിൽ കൊടുംകാട്ടിൽ പൊന്നുവിളയിക്കുന്ന ശ്രീധരന് സംസ്ഥാന സർക്കാറിെൻറ കർഷക അവാർഡുകളിൽ പ്രത്യേക പരാമർശം.
സ്കൂളിെൻറ വരാന്തപോലും കാണാത്ത, ശ്രീധരന് കൃഷിയിടങ്ങളിലെ വന്യമൃഗങ്ങളെ തുരത്താനായി പടക്കം വെക്കുന്നതിനിടെയാണ് കൈകൾ നഷ്ടപ്പെട്ടത്. ഇതോടെ ശ്രീധരെൻറ രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം കൊടുംപട്ടിണിയിലായി. പട്ടിണിയില്‍നിന്ന് കരകയറാന്‍ കുടിലിനുസമീപം പച്ചക്കറി കൃഷിയും കോഴിയും ആടുകളുമൊക്കെ വളര്‍ത്തി.
ഇതിനിടെ കൃഷിയിടത്തില്‍ തൂമ്പയിട്ട് പണി തുടങ്ങി. കൈപ്പത്തിയില്ലാത്ത കൈകളില്‍ മണ്‍വെട്ടിയും പിക്കാസും കോടാലിയും വഴങ്ങി. അതിനായി സ്വന്തമായി രൂപകല്പന ചെയ്ത് പണിയായുധങ്ങള്‍ സൃഷ്ടിച്ചെടുത്തു. കൊടുംകാട്ടിലെ പച്ചമണ്ണില്‍ ശ്രീധരെൻറ കൈപ്പത്തിയില്ലാത്ത കൈകൾ ആഞ്ഞുവെട്ടി. വാഴയും കിഴങ്ങുകളും നൂറുമേനി വിളഞ്ഞു. ഇതിനിടെ വനത്തില്‍ ആവശ്യക്കാരേെറയുള്ള വെറ്റിലക്കുവേണ്ടി പാടം തീര്‍ത്തു. വെറ്റിലപ്പാടത്ത് വെള്ളം എത്തിക്കുന്നതിനായി സ്വന്തമായി തന്നെ കിണര്‍ നിർമിച്ചു.
കിഴക്ക് വെള്ളകീറും മുമ്പ് ശ്രീധരന്കാണിയുടെ ദിവസം ആരംഭിക്കും. ആദ്യം സ്വന്തം പുരയിടത്തിലെ ഇരുന്നൂറോളം റബര്‍ മരങ്ങള്‍ ടാപ്പിങ് നടത്തും. തുടര്‍ന്ന്, ഭാര്യയും മക്കളും ചേര്‍ന്ന് കറയെടുത്ത് ഷീറ്റാക്കും. ടാപ്പിങ് കഴിഞ്ഞെത്തുന്ന കാണി അടുത്ത് പ്രഭാത ഭക്ഷണം കഴിഞ്ഞ് പിന്നെ കൃഷിത്തോട്ടത്തിലേക്കാണ്.
zഉച്ചവരെ കൃഷി. വൈകീട്ട് നനയ്ക്കലും കളയെടുക്കലുമാണ്. രാത്രിയില്‍ വന്യമൃഗങ്ങളെ തുരത്താൻ കാണിക്കൊപ്പം ഭാര്യയും കാവലിരിക്കും. കാട്ടുമൃഗങ്ങളോട് പൊരുതിയും വൈകല്യങ്ങളെ അതിജീവിച്ചും വിളയിച്ചെടുക്കുന്ന കാര്ഷികോൽപന്നങ്ങളും റബറും വിപണിയിലെത്തിക്കാനാണ് ഏറെ പ്രയാസമെന്ന് ഭാര്യ സിന്ധു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.