തിരുവനന്തപുരം: ശ്രീജീവിേൻറത് കസ്റ്റഡി മരണം തന്നെയെന്നും ഇത് മറച്ചുവെക്കാൻ പൊലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി ചെയർമാനായിരിക്കെ, ശ്രീജീവിെൻറ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് താൻ ഉത്തരവിട്ടിരുന്നു. അത് സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവിൽ അവ്യക്തതയുണ്ട്. അത് നീക്കാൻ സംസ്ഥാന സർക്കാർ നിയമ നടപടി സ്വീകരിച്ചില്ലെന്നും നാരായണക്കുറുപ്പ് വാർത്തചാനലിന് നൽകിയ പ്രതികരണത്തിൽ ചൂണ്ടിക്കാട്ടി.
പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ ഹൈകോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്യിക്കുകയായിരുന്നു. കൈയിൽ കരുതിയ ഫ്യൂരിഡാൻ കഴിച്ചാണ് ശ്രീജീവ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
പൊലീസിെൻറ കള്ളത്തെളിവിെൻറ അടിസ്ഥാനത്തിലാണ് ഹൈകോടതി ഉത്തരവ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും തള്ളുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ വന്ന വീഴ്ചയെ തുടർന്നാണ് അന്വേഷണം തള്ളിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ശ്രീജിവിന്റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ 765 ദിവസമായി നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റീസ് നാരായണക്കുറുപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2014ൽ ആണ് ശ്രീജിത്തിന്റെ സഹോദരൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ നടപടി ഒന്നും സ്വീകരിക്കാതിരുന്നതിനാൽ ശ്രീജിത്ത് പൊലീസ് കംപ്ലെയൻസ് അതോറിറ്റിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.