തിരുവനന്തപുരം: എസ്.എസ്.എൽ.സി, രണ്ടാം വർഷ ഹയർസെക്കൻഡറി മോഡൽ പരീക്ഷകൾ നേരത്തേ നിശ്ചയിച്ച തീയതികളിൽതന്നെ നടത്താൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹയർസെക്കൻഡറി മോഡൽ പരീക്ഷ മാർച്ച് 16 മുതൽ 21 വരെയും എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെയും നടത്താനാണ് തീരുമാനം. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും.
ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ ഫെബ്രുവരി 14ന് തുടങ്ങുന്ന സാഹചര്യത്തിൽ സ്കൂളുകൾ ശുചീകരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തവണ സ്കൂൾ തുറക്കുമ്പോൾ പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാകും ഇത്തവണയും തുറക്കൽ. നിശ്ചയിച്ച പാഠഭാഗങ്ങളിൽ എത്ര പഠിപ്പിച്ചുവെന്ന കാര്യം യോഗം വിലയിരുത്തി. പത്താം ക്ലാസിൽ 90 ശതമാനവും രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 75 ശതമാനവും നിശ്ചയിച്ച പാഠഭാഗങ്ങൾ പഠിപ്പിച്ചതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരാത്ത വിദ്യാലയങ്ങൾ അധിക ക്ലാസ് നൽകി പഠിപ്പിച്ചു തീർക്കണം. പഠനവിടവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് നികത്താൻ നടപടി കൈക്കൊള്ളും. മലയോര-പിന്നാക്ക മേഖലകളിൽ ബി.ആർ.സി റിസോഴ്സ് അധ്യാപകരുടെയും എസ്.എസ്.കെ, ഡയറ്റ് അധ്യാപകരുടെയും സേവനം ലഭ്യമാക്കും.
അധ്യാപകരിലെ കോവിഡ് ബാധമൂലം പഠനം തടസ്സപ്പെടുന്നുണ്ടെങ്കിൽ ദിവസവേതന നിരക്കിൽ താൽക്കാലികാധ്യാപകരെ നിയമിക്കാം. ആഴ്ചയിലൊരിക്കൽ വിദ്യാലയ അടിസ്ഥാനത്തിൽ ജില്ലകളിലും ജില്ലകൾ അത് ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും റിപ്പോർട്ട് നൽകണം. ഓഫ്ലൈൻ, ഓൺലൈൻ രൂപത്തിൽ ക്ലാസുകൾ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.