തിരുവനന്തപുരം: ഓഫിസ് പ്രവൃത്തിസമയങ്ങളിൽ ജീവനക്കാർ പൂർണമായി സീറ്റിലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെബിനാറിലൂടെ ജീവനക്കാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മാറുന്നതോടെ കൃത്യനിഷ്ഠ ഉറപ്പാക്കാൻ ബയോമെട്രിക് പഞ്ചിങ് സംവിധാനം കൂടുതൽ ഓഫിസുകളിലേക്ക് വ്യാപിപ്പിക്കും. ഫയലുകൾ കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഒരു ഉദ്യോഗസ്ഥൻ ഓഫിസിൽ ഹാജരില്ലെന്നത് ആ സെക്ഷനിലെ ഫയൽ നീക്കത്തിന് പ്രതിബന്ധമാകരുത്. ആളില്ലാത്ത കാരണത്താൽ ഒരു ദിവസം പോലും ജനസേവനം മുടങ്ങാൻ പാടില്ല.
മനഃപൂർവം നൂലാമാലകൾ സൃഷ്ടിച്ച് ഫയൽ താമസിപ്പിക്കുന്ന മനോഭാവവും പൂർണമായി മാറിയിട്ടില്ല. സഹപ്രവർത്തകരോടുപോലും ഇതാണ് മനോഭാവം. ഫയൽ തീർപ്പാക്കലിന് ഏറ്റവും കുറഞ്ഞ സമയപരിധി നിശ്ചയിക്കും. നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രമോഷനും ആനുകൂല്യങ്ങളും തടഞ്ഞുവെക്കുക, ഇഷ്ടക്കാർക്കുവേണ്ടി മാസങ്ങളോളം സീറ്റ് ഒഴിച്ചിടുക, പ്രധാനപ്പെട്ട സീറ്റുകൾ നൽകാൻ പാരിതോഷികം സ്വീകരിക്കുക തുടങ്ങി പുരോഗമന സ്വഭാവമുള്ള, കേരളത്തിന് യോജിക്കാത്ത നടപടികളാണ് ചില ഓഫിസുകൾ കേന്ദ്രീകരിച്ച് നടക്കുന്നത്.
ഒരു ചെറുവിഭാഗം സിവിൽ സർവിസ് മേഖലയുടെ ശോഭ കെടുത്തുന്ന പ്രവണതകളിൽ ഏർപ്പെടുന്നുണ്ട്. ചിലർ നേരിട്ട് കൈക്കൂലിയോ പാരിതോഷികങ്ങളോ കൈപ്പറ്റുന്നുണ്ടാകില്ല. പക്ഷേ, സർക്കാർ ഫണ്ട് ചോർന്നുപോകാനും അത് അനർഹമായ ഇടങ്ങളിൽ ചെന്നുചേരാനും അവർ മൂകസാക്ഷികളാകും. ഇത് അഴിമതിയാണ്. പദ്ധതികൾക്ക് വകയിരുത്തുന്ന ഫണ്ട് ചില്ലിക്കാശുപോലും നഷ്ടമാകാതെ നിർദിഷ്ട കാര്യത്തിനായി മാത്രം ചെലവഴിക്കുന്നെന്ന് ഉറപ്പാക്കേണ്ടത് ജീവനക്കാരുടെ ഉത്തരവാദിത്തമാണ്.
എല്ലാ ഓഫിസുകളിലും ഫ്രണ്ട് ഓഫിസ് സംവിധാനം വേണം. ഓഫിസിൽ എത്തുന്നവരോട് മാന്യമായി പെരുമാറുകയും ആവശ്യങ്ങൾ ക്ഷമയോടെ കേൾക്കുകയും വേണം. ജീവനക്കാരാകെ സ്മാർട്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥർ വലിയ സുഖസൗകര്യങ്ങളിൽ മാത്രം കഴിയുന്നവരാണെന്ന ചിന്ത ജനങ്ങളുടെ മനസ്സിൽ നിന്ന് മാറ്റി, ജനങ്ങൾക്കുവേണ്ടി കർമനിരതരാണെന്ന ചിന്ത സൃഷ്ടിക്കാനാകണം. നികുതിപ്പണത്തിെൻറ ആനുകൂല്യങ്ങൾ പറ്റുന്നവരല്ല, കൃത്യമായി ജോലി ചെയ്തിട്ടാണ് ശമ്പളം വാങ്ങുന്നതെന്ന തോന്നൽ ജീവനക്കാരെക്കുറിച്ച് പൊതുവിലുണ്ടാകണം.
ഭരണപരിഷ്‌കാര കമീഷെൻറ റിപ്പോർട്ടിലെ ശിപാർശകൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കും. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് നിലവിലെ മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.