ചങ്ങനാശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന ചങ്ങനാശ്ശേരി നഗരസഭയില്‍ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി സ്ഥാനാർഥിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച 37ാം വാര്‍ഡിലെ അംഗം ബി.ജെ.പി നേതാവ് വിഷ്ണുദാസിന് വോട്ട് ചെയ്തത്.
സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നോമിനേഷന്‍ നൽകിയ സ്ഥാനാർഥിയുടെത് തള്ളിപ്പോയിരുന്നു. കമ്മിറ്റി അംഗമാകാന്‍ അഞ്ച് റഫറന്‍സ് വോട്ട് മതിയെന്നിരിക്കെ മൂന്ന് അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി സ്ഥാനാർഥിക്ക് മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി വോട്ട് ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസിലെ എല്‍സമ്മ ജോബ്, സന്തോഷ് ആൻറണി, ബെന്നി ജോസഫ് എന്നിവരാണ് വിഷ്ണുദാസിനെ വിജയിപ്പിക്കാന്‍ വോട്ട് ചെയ്തത്. എല്‍.ഡി.എഫിലെ ആര്‍. ശിവകുമാറും, പ്രിയ രാജേഷുമാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. രണ്ടുപേര്‍ക്കും അഞ്ച് വോട്ട് വീതം നൽകി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് എല്‍.ഡി.എഫിലെ രണ്ടുപേര്‍ ജയിക്കുമെന്ന സ്ഥിതി ഉണ്ടായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്തും 37ാം വാര്‍ഡില്‍ കോണ്‍ഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് പരസ്യമായിരുന്നു. ഈ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാർഥി ഇല്ലായിരുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിെൻറ വോട്ട് കൂടി ലഭിച്ചാണ് 37ാം വാര്‍ഡിലെ സ്ഥാനാർഥി ജയിച്ചത്.
പാലാ: രാമപുരം പഞ്ചായത്തിലും കിടങ്ങൂര്‍ പഞ്ചായത്തിലും യു.ഡി.എഫ് അംഗങ്ങള്‍ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട്‌ചെയ്തു. രാമപുരത്ത്്് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ അവിശുദ്ധ കൂട്ടുകെട്ടെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തി. ആരോഗ്യ സ്ഥിരംസമിതിയിലേയക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
കേരള കോണ്‍ഗ്രസ്-എം അംഗം മത്സരിെച്ചങ്കിലും ഏഴ് വോട്ടാണ് ലഭിച്ചത്. മൂന്നംഗങ്ങളുള്ള ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമായിരുന്നില്ലെങ്കിലും കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു. യു.ഡി.എഫ് എട്ട്, എല്‍.ഡി.എഫ് -5, സ്വത. -2, ബി.ജെ.പി -3 എന്നിങ്ങനെയാണ് കക്ഷിനില. രണ്ട് സ്വതന്ത്രനും കേരള കോണ്‍ഗ്രസ്-എമ്മിനെ പിന്തുണച്ചു.
രാമപുരത്തെ കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടിനുപിന്നില്‍ പാറമട മാഫിയയാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ജെ.പിക്ക് പരസ്യമായി വോട്ട് ചെയ്തതോടെ അവിശുദ്ധ കൂട്ടുകെട്ട് പുറത്തുവന്നിരിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു പുതിയിടത്തുചാലില്‍ പറഞ്ഞു.
കിടങ്ങൂരിലും സമാന നീക്കുപോക്കാണ് സ്ഥിരംസമിതി തെരഞ്ഞെടുപ്പില്‍ നടന്നത്. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്ക് ഏഴ് അംഗങ്ങളാണുള്ളത്. യു.ഡി.എഫിലെ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളുടെ വോട്ട് നേടി അഞ്ചംഗങ്ങളുള്ള ബി.ജെ.പി ആരോഗ്യ, ക്ഷേമകാര്യ സ്ഥിരംസമിതികളിലും ബി.ജെ.പി വോട്ട് നേടി ജോസഫ് ഗ്രൂപ്പ് അംഗങ്ങള്‍ വികസനകാര്യ സ്ഥിരംസമിതിയിലും ഭൂരിപക്ഷം നേടി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ഉറപ്പിച്ചു.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാനും ജോസഫ് ഗ്രൂപ് മണ്ഡലം പ്രസിഡൻറുമായ തോമസ് മാളിയേക്കല്‍ ഉൾപ്പെടെയുള്ള മൂന്ന്് അംഗങ്ങളുടെ വോട്ട് ലഭിച്ചതോടെയാണ് എട്ട് വോട്ട് നേടി ബി.ജെ.പി അംഗങ്ങള്‍ അഞ്ചുപേരും വിവിധ സ്ഥിരംസമിതികളില്‍ ഇടംനേടിയത്. വികസന, ക്ഷേമകാര്യ, ആരോഗ്യ സ്ഥിരംസമിതിയില്‍ ഇടതുമുന്നണിയിലെ ഓരോ അംഗങ്ങള്‍മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബി.ജെ.പിയുമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ ധാരണയുണ്ടാക്കി സ്ഥിരംസമിതി അധ്യക്ഷസ്ഥാനങ്ങള്‍ വീതംെവച്ചെടുത്തതെന്ന് എല്‍.ഡി.എഫ് കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.എസ്. ജയന്‍, പ്രദീപ് വലിയപറമ്പില്‍, ജോസുകുട്ടി ജേക്കബ് എന്നിവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.