തിരുവനന്തപുരം: സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റിയാണ് നിശ്ചയിക്കേണ്ടതെന്ന് പിണറായി സർക്കാറിെൻറ പ്രവർത്തനം മെച്ചപ്പെടുത്താൻ തയാറാക്കിയ സി.പി.എം രേഖ. പാർട്ടി കാഴ്ചപ്പാടിന് അനുസരിച്ച് അത് നയിക്കാനുള്ള ഉത്തരവാദിത്തം ഭരണതലത്തിലെ സഖാക്കളാണ് ചെയ്യേണ്ടതെന്നും സംസ്ഥാന സമിതി അംഗീകരിച്ച 'സംസ്ഥാന സർക്കാറും വർത്തമാനകാല കടമകളും' എന്ന രേഖ നിർദേശിക്കുന്നു.
മണൽ, മണ്ണ്, ക്വാറി തുടങ്ങിയ മേഖലകൾ അഴിമതി കേന്ദ്രങ്ങളാകുന്നെന്നും ഇതിനെതിരെ സർക്കാർ നിലപാട് സ്വീകരിക്കണമെന്നും ഒാർമിപ്പിക്കുന്നു. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടുന്ന രീതി ഉണ്ടാകരുത്. ജനങ്ങളുടെ പൊതുവായ പ്രശ്നങ്ങൾ സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തണം. എന്നാൽ, സർക്കാറിെൻറ പൊതുവായ പ്രവർത്തന രീതി എന്തായിരിക്കണമെന്ന് സംസ്ഥാന സമിതി നിശ്ചയിക്കും.
ആ കാഴ്ചപ്പാട് നടപ്പാക്കാൻ പ്രാപ്തരായവരെ ഭരണം ഏൽപിച്ചിട്ടുണ്ട്. ആ ഉത്തരവാദിത്തം അവർ നിർവഹിക്കുന്നുണ്ടോയെന്ന് പാർട്ടി പരിശോധിക്കണം. അവർക്കുണ്ടാകുന്ന രാഷ്ട്രീയ, സംഘടന പിഴവുകൾ അതത് ഘട്ടത്തിൽ തിരുത്തണം.
വർഗീയശക്തികൾ പലതരത്തിൽ സർക്കാറിനെതിരെ രംഗത്തിറങ്ങും. ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞാൽ ഇത്തരം ശക്തികൾക്ക് നുഴഞ്ഞുകയറാനാകില്ല. ന്യായമായ കാര്യത്തിൽ ആര് സമീപിച്ചാലും ചെയ്തുകൊടുക്കുക എന്നതാണ് ചുമതലയെന്നത് വിസ്മരിക്കരുത്. ഉറച്ച നിലപാട് സ്വീകരിക്കാൻ സർക്കാറിൽ പ്രവർത്തിക്കുന്ന പാർട്ടിയംഗങ്ങൾക്ക് കഴിയണം -രേഖ നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.