കോട്ടയം: ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം നൽകി രാജ്യം ആദരിച്ച പാലിയേറ്റിവ് നഴ്സിനെ തേടിയെത്തിയത് തൂപ്പുജോലി. താനടക്കമുള്ള പാലിയേറ്റിവ് നഴ്സുമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആ ജോലി വേണ്ടെന്നു വെക്കുകയാണ് കിടങ്ങൂർ വൈക്കത്തുശ്ശേരി വീട്ടിൽ ഷീലാറാണി.
പാലാ പൈകയിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പാർട് ടൈം സ്വീപ്പറായാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം കിട്ടിയിരിക്കുന്നത്. എന്നാൽ, തനിക്കു കിട്ടിയ ജോലി പാലിയേറ്റിവ് നഴ്സ് സമൂഹത്തിന് നല്ല സന്ദേശം നൽകില്ലെന്നും രോഗീപരിചരണത്തിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്നുമാണ് ഷീലാറാണി പറയുന്നത്. 12 വർഷമായി കിടങ്ങൂർ പഞ്ചായത്തിൽ പാലിയേറ്റിവ് പരിചരണം നടത്തുകയാണ് ഇവർ. 2021ലാണ് മികച്ച സേവനത്തിന് ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ലഭിച്ചത്. ആദ്യമായി ഈ പുരസ്കാരം നേടുന്ന പാലിയേറ്റിവ് നഴ്സും ഇവരായിരുന്നു.
രാഷ്ട്രപതി ദൗപദി മുർമുവിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പാലിയേറ്റിവ് നഴ്സുമാർ ചെയ്യുന്ന മഹത്തായ സേവനത്തിന് അർഹതപ്പെട്ട ശമ്പളമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ലെന്നും ജോലി സ്ഥിരപ്പെടുത്തുകയോ ശമ്പള വർധന അനുവദിക്കുകയോ വേണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കുമടക്കം ഷീലാറാണി നിരവധി തവണ നിവേദനം നൽകിയിരുന്നു.
18,000 രൂപയാണ് നഴ്സുമാർക്ക് കിട്ടുന്ന ശമ്പളം. പ്രാരബ്ധങ്ങൾക്കിടയിൽ പ്രീഡിഗ്രി വരെയേ പഠിക്കാൻ കഴിഞ്ഞുള്ളൂ. വിവാഹശേഷമാണ് മിഡ്വൈഫറി നഴ്സിങ് പഠിച്ചത്. തുടർന്ന് സ്റ്റാഫ് നഴ്സായി മഹാരാഷ്ട്രയിലും നഴ്സിങ് അസിസ്റ്റന്റായി എറണാകുളത്തെ ആശുപത്രിയിലും ജോലി ചെയ്തു. പാലിയേറ്റിവ് കോഴ്സും ട്രെയിനർമാർക്ക് പരിശീലനം നൽകുന്ന കോഴ്സും പൂർത്തിയാക്കിയാണ് ഈ രംഗത്തേക്ക് വന്നത്. എം.ജി. സർവകലാശാലയിൽ പാലിയേറ്റിവ് ഡിപ്ലോമ കോഴ്സിന് ക്ലാസെടുത്തിട്ടുമുണ്ട്.
‘‘ഏറെ ആഗ്രഹിച്ചാണ് നഴ്സിങ് മേഖലയിലേക്ക് വന്നത്. സർക്കാർ ജോലി എല്ലാവരെയും പോലെ എന്റെയും സ്വപ്നമാണ്. എന്നുകരുതി ഇപ്പോൾ കിട്ടിയ ജോലി സ്വീകരിച്ചാൽ രാജ്യത്തെയും പാലിയേറ്റിവ് സമൂഹത്തെയും അപമാനിക്കുന്നതിന് തുല്യമാകും. രാജ്യം പുരസ്കാരം നൽകിയ ആൾക്ക് അതു പരിഗണിച്ച് ആ മേഖലയിലെങ്കിലും നിയമനം നൽകാമായിരുന്നു.
സ്വീപ്പർ ജോലിക്കൊപ്പം സാന്ത്വന പരിചരണം തുടരാൻ അനുവദിക്കുകയോ നഴ്സിങ് അസിസ്റ്റന്റിന്റെ ജോലി നൽകുകയോ വേണം. പാലിയേറ്റിവ് നഴ്സുമാർക്ക് പ്രചോദനമാവാൻ അതെങ്കിലും ചെയ്തു തരണം’’- ഷീലാറാണിയുടെ ആവശ്യം അതാണ്. ഭർത്താവ് ജയചന്ദ്രൻ വാസ്തു കൺസൾട്ടന്റ് ആണ്. രണ്ടു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.