ചേലക്കര (തൃശൂർ): ചേലക്കര മണ്ഡലം പിടിച്ചെടുക്കുമെന്നത് ചിലരുടെ വ്യാമോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊണ്ടാഴിയിൽ ചേലക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപിന്റെ പ്രചാരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലർ പരസ്യമായി അതിമോഹം പറഞ്ഞ് നടക്കുന്നുണ്ട്. എന്നാൽ, നാട്ടിലെ ജനങ്ങൾ എൽ.ഡി.എഫിനൊപ്പമാണ്. ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്ത് വ്യാപകമായി വർഗീയ സംഘർഷമുണ്ടാക്കുകയാണ് സംഘ്പരിവാർ.
അക്രമികളെ സംരക്ഷിക്കുകയും ആക്രമിക്കപ്പെട്ടവരെ വീണ്ടും പീഡിപ്പിക്കുകയും ചെയ്യുന്നു. ഭരണാധികാരികൾ അക്രമികൾക്ക് പ്രോത്സാഹനം നൽകുകയാണ്. എന്നാൽ, കേരളത്തിൽ വർഗീയ സംഘർഷം ഉണ്ടാകുന്നുണ്ടോ? ക്രമസമാധാന സൂചികയിൽ കേരളം മുന്നിലാണ്. ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. വർഗീയശക്തികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ട് മനസ്സിലാക്കാൻ തൃശൂരിൽ ബി.ജെ.പി ജയിച്ച കണക്ക് മാത്രം നോക്കിയാൽ മതി. എൽ.ഡി.എഫ് തകർന്നെന്ന് പൊതു അന്തരീക്ഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഭരണനേട്ടങ്ങൾ ഓരോന്നായി വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.