തിരുവനന്തപുരം: 89 കാരിയായ കിടപ്പുരോഗിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. വിളിച്ചയാളുടെ ആശയവിനിമയത്തിൽ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണക്ക് കാരണമായത്. മാധ്യമങ്ങൾ സംഭവം പെരുപ്പിച്ച് കാട്ടുന്നുവെന്നും ജോസഫൈൻ മാധ്യമങ്ങളോട് പറഞ്ഞു.
89കാരിയായ കിടപ്പുരോഗിയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈന്റെ നടപടി വിവാദമായിരുന്നു. പരാതി കേൾക്കാൻ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനായിരുന്നു അധ്യക്ഷയുടെ ശകാരവർഷം. 89 വയസ്സുള്ള വയോധികയുടെ പരാതി എന്തിനാണ് വനിത കമീഷന് നൽകുന്നതെന്നും പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിങ്ങിന് എത്തണമെന്നുമാണ് അധ്യക്ഷ പറയുന്നത്. ജോസഫൈന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതോടെ സംഭവം വിവാദമായത്.
കോട്ടാങ്ങൽ ദേവീക്ഷേത്രത്തിനടുത്ത് താമരശ്ശേരിൽ വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയാണ് പരാതിക്കാരി. അയൽവാസി മർദിച്ച സംഭവത്തിലാണ് പരാതി നൽകിയത്. ഇവരുടെ അകന്ന ബന്ധു കോട്ടയം കറുകച്ചാൽ സ്വദേശി ഉല്ലാസാണ് ജോസഫൈനെ ഫോണിൽ വിളിച്ചത്. എന്തിനാണ് കമീഷനിൽ പരാതി കൊടുക്കാൻ പോയതെന്നും പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടാൽ പോരേ എന്നുമാണ് ചോദിക്കുന്നത്. ''89 വയസ്സുള്ള തള്ളയെക്കൊണ്ട് പരാതി കൊടുപ്പിക്കാൻ ആരാണ് പറഞ്ഞത്. പരാതി കൊടുത്താൽ വിളിപ്പിക്കുന്നിടത്ത് എത്തണം.'' എന്ന് പറഞ്ഞ് ഉല്ലാസിനോട് കയർക്കുകയായിരുന്നു.
ജനുവരി 28ന് അടൂരിൽ നടക്കുന്ന ഹിയറിങ്ങിന് ഹാജരാവണമെന്നായിരുന്നു കമീഷനിൽ നിന്ന് ലഭിച്ച നോട്ടീസ്. 50 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് എത്താനുള്ള ബുദ്ധിമുട്ട് അറിയിച്ചാണ് ബന്ധുവായ ഉല്ലാസ് അധ്യക്ഷയെ ഫോണിലൂടെ ബന്ധപ്പെട്ടത്. മറ്റാരും ഇല്ലാത്തതു കൊണ്ടാണ് താൻ ജോസഫൈനെ വിളിച്ച് വിവരം അന്വേഷിച്ചതെന്ന് ഉല്ലാസ് പറയുന്നു. പരാതി ലഭിച്ചാൽ ഇരുകൂട്ടരും നേരിട്ട് ഹാജരായാൽ മാത്രമെ എന്തെങ്കിലും ചെയ്യാനാകൂ. വരാനാകില്ലെങ്കിൽ പിന്നെ എന്തിനാണ് പരാതി നൽകിയതെന്ന് ചോദിച്ചത് ശരിയാണെന്നും സംഭാഷണത്തിനിടയിൽ 'തള്ള'യെന്ന വാക്ക് ഉപയോഗിച്ചിട്ടിെല്ലന്നുമാണ് ജോസഫൈൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.