കൊച്ചി: ഒരു വർഷം മുമ്പ് നടന്നതായി പറയുന്ന റാഗിങ്ങിന്റെ പേരിൽ പൂക്കോട് വെറ്ററിനറി കോളജിലെ രണ്ട് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സർവകലാശാല നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ബി.വി.എസ്സി ആൻഡ് എ.എച്ച് കോഴ്സ് നാലാം വർഷ വിദ്യാർഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവർക്കെതിരായ നടപടിക്കാണ് സ്റ്റേ.
പൂക്കോട് കോളജിൽ റാഗിങ്ങിനിരയായ സിദ്ധാർഥിന്റെ മരണത്തിന് പിന്നാലെ മാർച്ച് 15നാണ് ഇരുവർക്കുമെതിരെ നടപടിയുണ്ടായത്. ഇവരെ കോളജിൽനിന്ന് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
മറ്റ് രണ്ട് വിദ്യാർഥികളുടെ സ്കോളർഷിപ്പും തടഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റാഗിങ് വിരുദ്ധ സമിതിയുടെ നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.
നടക്കാത്ത സംഭവത്തിന്റെ പേരിലാണ് തങ്ങളെ കോളജിൽനിന്ന് മാറ്റിനിർത്തിയതെന്നും ഇത് സിദ്ധാർഥ് കേസിൽ ഉൾപ്പെട്ട രാഷ്ട്രീയ സ്വാധീനമുള്ള വിദ്യാഥികളെ സംരക്ഷിക്കാനാണെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. 2023 തങ്ങൾ റാഗ് ചെയ്തതായി പറയുന്ന വിദ്യാർഥിതന്നെ ഇക്കാര്യം നിഷേധിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആന്റി റാഗിങ് കമ്മിറ്റിക്ക് തങ്ങൾക്കെതിരായ പരാതികളോ തെളിവുകളോ ലഭിച്ചിട്ടില്ലെന്നും സിദ്ധാർഥിന്റെ മരണത്തിൽ ജനരോഷമുയർന്നതോടെ എന്തെങ്കിലും ചെയ്തെന്ന് വരുത്തിത്തീർക്കാനാണ് നടപടിയെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.