കുസാറ്റ്​ ദുരന്തം: രജിസ്​​ട്രാർക്ക്​ കത്തയച്ചിരുന്നു, സുരക്ഷയൊരുക്കാൻ നടപടിയെടുത്തിരുന്നു -മുൻ പ്രിൻസിപ്പൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാ​ങ്കേതിക സർവകലാശാല (കുസാറ്റ്​) കാമ്പസിലെ സംഗീതനിശക്ക്​ മതിയായ സുരക്ഷ ഒരുക്കാൻ രജിസ്​ട്രാർക്ക്​ കത്ത്​ നൽകുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നുവെന്ന്​ സ്കൂൾ ഓഫ് എൻജിനീയറിങ്​ മുൻ പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹു. ‘ധിഷ്‌ണ 2023’എന്ന ടെക്ഫെസ്റ്റിന്റെ സമാപന ദിനമായ നവംബർ 25ന്​ നാല്​ വിദ്യാർഥികൾ മരിക്കാനിടയായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ സമർപ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട സത്യവാങ്​മൂലത്തിലാണ്​ വിശദീകരണം.

തനിക്കെതിരായ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് വിശദീകരണത്തിൽ പറയുന്നു. നവംബർ 24, 25 തീയതികളിൽ നടക്കുന്ന പരിപാടികൾക്ക് മതിയായ സുരക്ഷയൊരുക്കണമെന്നും പൊലീസിന്റെ സഹായം തേടണമെന്നും രജിസ്ട്രാർക്ക് 24ന് കത്ത് നൽകുകയും ഫോണിൽ വിളിച്ച്​ അറിയിക്കുകയും ചെയ്തിരുന്നു. പരിപാടി നടത്താനിരുന്ന ഓപൺ എയർ ഓഡിറ്റോറിയം സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്​ പുറത്താണെന്നതും രജിസ്ട്രാറാണ് ഇതിന്റെ ചുമതലക്കാരൻ എന്നതും കണക്കിലെടുത്താണ് കത്ത്​ നൽകിയത്​.

ടെക് ഫെസ്റ്റിനും സംഗീതപരിപാടിക്കും സർവകലാശാലയുടെ അനുമതി വാങ്ങിയിരുന്നു. ഫാക്കൽറ്റി കോഓഡിനേറ്റർ ഗിരീഷ് കുമാരൻ തമ്പിയടക്കമുള്ള സ്റ്റാഫ് അഡ്വൈസർമാർ വിദ്യാർഥികളെ നിയന്ത്രിക്കാൻ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്നു. എങ്കിലും തിരക്ക്​ നിയന്ത്രിക്കുന്നതിൽ പൊലീസടക്കമുള്ള സുരക്ഷാ വിഭാഗത്തിനാണ് ഫലപ്രദമായി കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുക. അതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല.

താനടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന ഹരജിക്കാരന്റെ വാദം തെറ്റാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അതേസമയം, പൊലീസ് അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് നൽകാൻ സമയം വേണമെന്നും സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കറ്റ്​ ജനറൽ അറിയിച്ചു. ഹരജി ക്രിസ്‌മസ് അവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Steps were taken to provide security says Ex-Principal on CUSAT Stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.