കോഴിക്കോട്: വന്ധ്യംകരണവും ചർമരോഗവും തെരുവുനായ്ക്കളുടെ ആവാസത്തിന് ഭീഷണിയാകുന്നു. വന്ധ്യംകരണം നടത്തിയ തെരുവുനായ്ക്കൾ അതിജീവനത്തിന് പ്രയാസം നേരിടുന്നതായും ജീവിതക്രമം താളം തെറ്റുന്നതുമായാണ് വിലയിരുത്തൽ. തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാൻ അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) മുഖാന്തരം ശസ്ത്രക്രിയക്ക് വിധേയമാക്കി തെരുവിൽതന്നെ ഉപേക്ഷിക്കുന്ന നായ്ക്കളുടെ പെരുമാറ്റമാതൃകകളിൽ ഗണ്യമായ വ്യതിയാനമാണ് കാണിക്കുന്നതെന്ന് മൃഗഡോക്ടർമാരും വിലയിരുത്തുന്നു. ശസ്ത്രക്രിയക്ക് വിധേയമായ നായ്ക്കളിൽ മാസങ്ങൾ കഴിയുമ്പോൾതന്നെ ഹോർമോൺ ഏറ്റക്കുറച്ചിലുകൾ കാരണം ഏറെനേരവും ഉറങ്ങുന്ന അവസ്ഥയിലാവും. പ്രത്യുൽപാദന ഹോർമോണുകളുടെ ഉൽപാദനം ഇല്ലാതാവുന്നതോടെ ക്ഷീണത്തിനിടയാക്കുന്നു. ഏറെ നായ്ക്കളും വിവിധ രോഗഭീഷണികളും നേരിടുകയാണ്.
ചർമരോഗവും തെരുവുനായ്ക്കൾക്ക് ഭീഷണിയായിട്ടുണ്ട്. മേൻജ്, മാലസൈമിയ എന്നീ ചർമരോഗമാണ് വ്യാപകമായി കണ്ടുവരുന്നത്. വളർത്തുനായ്ക്കൾക്കും ഇതു പകരാനിടയാക്കുന്നുണ്ടെങ്കിലും വേണ്ട ചികിത്സ ലഭിക്കുന്നുണ്ട്. ഇൻജക്ഷനും മരുന്നും കൃത്യമായ ഇടവേളകളിൽ കൊടുത്താൽ മാത്രമേ രോഗശമനവും വ്യാപനവും സാധ്യമാകൂ. എന്നാൽ, തെരുവുനായ്ക്കളെ ശ്രദ്ധിക്കാനോ ചികിത്സക്കോ സൗകര്യമില്ല.
അതേസമയം, വന്ധ്യംകരണം ചെയ്തുവിടുന്ന നായ്ക്കൾക്ക് മാത്രമല്ല മറ്റുള്ളവക്കും ത്വഗ്രോഗങ്ങൾ കാണുന്നുണ്ടെന്ന് മൃഗഡോക്ടർ ശ്രീഷ്മ പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ഇതുവരെ 8200 തെരുവുനായ്ക്കൾക്ക് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തുമാണ് പരീക്ഷണാടിസ്ഥാനത്തിൽ അനിമൽ ബർത്ത് കൺട്രോൾ ശസ്ത്രക്രിയക്കുള്ള ആശുപത്രി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.