പേരാമ്പ്ര: നിപയുടെ നടുക്കുന്ന ഓർമകളിലാണ് ഇപ്പോഴും കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഉൾപ്പെടെ പ്രദേശങ്ങൾ. ക്വാറൻറീനും ലോക്ഡൗണും പരിചിതമല്ലാത്ത കാലത്ത് ഒറ്റപ്പെടലിൻെറ ഭീകരത അനുഭവിച്ചവരാണിവർ. മൂന്നു വർഷം മുമ്പ് കേരളത്തിൽ ആദ്യമായി നിപ വൈറസ് രോഗം കണ്ടെത്തിയത് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ്.
2018 മേയ് അഞ്ചിനു മരിച്ച വളച്ചുകെട്ടി മൂസ മുസ്ലിയാരുടെ മകൻ മുഹമ്മദ് സാബിത്താണ് ആദ്യ ഇര. മേയ് 18ന് സാബിത്തിൻെറ മൂത്ത സഹോദരൻ സാലിഹും ഒരാഴ്ചക്കിടെ പിതാവിനെയും പിതൃസഹോദര പത്നിയായ മറിയത്തെയും നിപ കീഴടക്കി. സാബിത്തിൻെറ മരണകാരണം ആദ്യം വ്യക്തമായിരുന്നില്ല. സാലിഹിനും സമാന ലക്ഷണങ്ങളോടെ രോഗം പിടിപെട്ടപ്പോളാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനക്കയച്ച് നിപ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതോടെ മൂസയുടെ കുടുംബം തീർത്തും ഒറ്റപ്പെട്ടു. ഭീതി കാരണം നാട്ടുകാർ വീടൊഴിഞ്ഞു പോകുന്ന അവസ്ഥയുണ്ടായി. മൂസയും രണ്ടു മക്കളും മരിച്ചതോടെ ഇളയ മകൻ മുത്തലിബും മാതാവ് മറിയവും മാത്രമായി ആ കുടുംബത്തിൽ.
പേരാമ്പ്ര താലൂക്കാശുപത്രിയിൽ സാബിത്തിനെ പരിചരിച്ച നഴ്സ് ലിനി മേയ് 21നു മരണത്തിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല ഞെട്ടി. രണ്ടാഴ്ചക്കിടെ സാബിത്തുമായി സമ്പർക്കമുണ്ടായിരുന്ന ചെറുവണ്ണൂരിലെ കണ്ടീതാഴെ ചെറിയ പറമ്പിൽ ജാനകി, കൂരാച്ചുണ്ടിലെ മാടംവള്ളി മീത്തൽ രാജൻ, പൂനത്ത് പാറപ്പുറത്ത് മിത്തൽ രസിൽ, തിരുവോട് മൈപ്പിൽ ഇസ്മയിൽ, ചെക്യാട് ഉമ്മത്തൂർ സ്വദേശി അശോകൻ, പാലാഴി സ്വദേശികളായ അബിൻ, മധുസൂദനൻ, മുക്കം സ്വദേശി അഖിൽ, മലപ്പുറം സ്വദേശികളായ കൊളത്തൂർ താഴത്തിൽ തൊടി വേലായുധൻ, മുന്നിയൂർ മേച്ചേരി സിന്ധു, തെന്നല മനത്താനത്ത് പടിക്കൽ ഷിജിത എന്നിവർ നിപ വൈറസ് ബാധയേറ്റ് മരിച്ചു. രോഗം ബാധിച്ച രണ്ടുപേർ ജീവിതത്തിലേക്ക് തിരിച്ചു വന്നു.
വൈറസ് ബാധയേറ്റ് നഴ്സ് ലിനി മരിച്ചപ്പോൾ പേരാമ്പ്ര താലൂക്കാശുപത്രി വിജനമായി. ഇവിടത്തെ ജീവനക്കാർ വലിയ ഒറ്റപ്പെടലായിരുന്നു അനുഭവിച്ചത്. ഇവരെ ഓട്ടോറിക്ഷയിൽ പോലും കയറ്റാത്ത അനുഭവവും ഉണ്ടായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്കൂളുകൾ രണ്ടാഴ്ച അടഞ്ഞുകിടന്നു.
മരണക്കിടക്കയിൽനിന്ന് ലിനി ഭർത്താവ് സജീഷിനെഴുതിയ കുറിപ്പ് കണ്ണ് നനയാതെ ആരും വായിച്ചിട്ടില്ല. ലിനിയുടെ പിഞ്ചുമക്കളായ ഋതുലും സിദ്ധാർഥും കേരളത്തിൻെറ മൊത്തം മക്കളാവുന്ന കാഴ്ചയും പിന്നീട് കാണാൻ കഴിഞ്ഞു.
പഴുതടച്ച പ്രതിരോധത്തിൻെറ ഭാഗമായി 2018 ജൂൺ 30ഓടെ സംസ്ഥാനത്തുനിന്നും നിപ ഭീഷണി ഒഴിവായതായി പ്രഖ്യാപിച്ചിരുന്നു.
നിപ വീണ്ടും തലപൊക്കിയത് കോവിഡ് പ്രതിരോധത്തിൽ തളർന്ന ആരോഗ്യ മേഖലക്ക് വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.