തിരൂർ: കേരളത്തിൽ പുതിയതായി സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ തിരൂർ റെയിൽവേ സ്റ്റേഷൻ വിട്ട ശേഷമാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറിൽ പുറംഭാഗത്തെ ചില്ലിന് പൊട്ടൽ വീണു.
ഷൊർണൂർ സ്റ്റേഷനിൽ വെച്ച് പൊട്ടൽ വീണ ഭാഗം റെയിൽവേ അധികൃതർ പരിശോധിച്ചു. പൊട്ടലുണ്ടായ ഭാഗത്ത് ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. കല്ലേറ് നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ സുരക്ഷാസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ട്രെയിനിന്‍റെ സുരക്ഷ വർധിപ്പിക്കുമെന്ന് റെയിൽവേ സുരക്ഷാസേന അറിയിച്ചു.
ഏപ്രിൽ 25നാണ് കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 26 മുതലാണ് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും ട്രെയിനിന്‍റെ സർവീസ് ആരംഭിച്ചത്.
വന്ദേഭാരത് ട്രെയിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ട്രെയിനിന് ജില്ലയിൽ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്ര സർക്കാറിന്റെയും റെയിൽവേ അധികൃതരുടെയും നിലപാടിൽ ജില്ല പഞ്ചായത്ത് ഭരണസമിതിയും താനൂർ നഗരസഭയും പ്രമേയത്തിലൂടെ പ്രതിഷേധിച്ചിരുന്നു.
കേന്ദ്രസർക്കാറും റെയിൽവേ വകുപ്പും തിരൂർ സ്റ്റേഷനോടും ജില്ലയോടും കാണിക്കുന്ന അനീതിയുടെ തുടർച്ചയാണ് സ്റ്റോപ്പ് നിഷേധിക്കുന്നതിലൂടെ നടത്തുന്നതെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നിഷേധാത്മക നിലപാട് തിരുത്തി തിരൂരിൽ അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.