തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ല കമ്മിറ്റി ഓഫിസായ കാട്ടായിക്കോണം വി. ശ്രീധർ സ്മാരക മന്ദിരത്തിന് നേരെ ആക്രമണം. പുലർച്ചെ രണ്ട് മണിയോടെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘം കല്ലെറിയുകയായിരുന്നു. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിന് കേടുപാട് സംഭവിച്ചു. കാറിന്‍റെ ബോണറ്റിലാണ് കല്ല് പതിച്ചത്.
ബൈക്കിലെത്തിയ സംഘം വാഹനം നിർത്താതെ തന്നെ ഓഫിസിന് നേരെ കല്ലെറിഞ്ഞ ശേഷം തൈക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ആക്രമണ സമയത്ത് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ ഉറക്കത്തിലായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അക്രമികളെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. അക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ആക്രമണ സമയത്ത് കെട്ടിടത്തിനുള്ളിൽ ഓഫിസ് ജീവനക്കാരും ഉണ്ടായിരുന്നു. ഓഫിസിലെ സി.സി.ടിവിയിൽ കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് വഞ്ചിയൂരിൽ സി.പി.എം- ആർ.എസ്.എസ്. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേതുടർന്ന് പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. അതിനാൽ, സി.പി.എം ജില്ല കമ്മിറ്റി ഓഫിസിലും എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ്. ആണെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച വഞ്ചിയൂരിൽ നടന്ന എൽ.ഡി.എഫ് ജാഥയിലേക്ക് ആർ.എസ്.എസ്. പ്രവർത്തകർ കടന്നുകയറാൻ ശ്രമിച്ചിരുന്നു.
അവിടെ ബോധപൂർവമായ ശ്രമമാണ് ആർ.എസ്.എസ്. നടത്തിയത്. വഞ്ചിയൂർ സംഘർഷത്തിന്‍റെ തുടർച്ചയാണ് സി.പി.എം ജില്ല കമ്മിറ്റി ഓഫിസിന് നേരെ നടന്ന ആക്രമണമെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.