തിരുവനന്തപുരം: തെരുവുനായ് പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസർക്കാറിന്‍റെ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) ചട്ടങ്ങളിൽ ഇളവ് വേണമെന്ന് സുപ്രീംകോടതിയിൽ സർക്കാർ ആവശ്യപ്പെടുമെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. കേന്ദ്ര ചട്ടങ്ങളെതുടർന്ന് തദ്ദേശസ്ഥാപനങ്ങൾ പണം നീക്കിവെച്ചിട്ടും എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.
പല വ്യവസ്ഥകളും കർശനവും വിചിത്രവുമാണ്. കേന്ദ്രങ്ങൾ ആരംഭിക്കാതിരിക്കാനുള്ള വ്യവസ്ഥകളാണ് പലതും. എ.ബി.സി കേന്ദ്രം ആരംഭിക്കണമെങ്കിൽ 2000 സർജറിയെങ്കിലും നടത്തിയിട്ടുള്ള ഡോക്ടർ വേണമെന്നതാണ് അതിലൊന്ന്. കുടുംബശ്രീ വഴിയാണ് മുൻകാലങ്ങളിൽ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തിയത്. എന്നാൽ, 2023ൽ കേന്ദ്രം ചട്ടം പുതുക്കിയതോടെ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യ കുടുംബശ്രീക്കുള്ള അംഗീകാരം പിൻവലിച്ചു. ഇത് കേരളത്തിലെ വന്ധ്യംകരണ പ്രവർത്തനങ്ങളെ തകിടംമറിച്ചു. ആഗസ്റ്റ് 16ന് സുപ്രീംകോടതിയിൽ ഇതുസംബന്ധിച്ച സർക്കാർ നിലപാട് വ്യക്തമാക്കും.
2022-23ൽ 36.40 കോടി തദ്ദേശസ്ഥാപനങ്ങൾ എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കാൻ നീക്കിവെച്ചെങ്കിലും 10.90 കോടി മാത്രമേ ചെലവഴിക്കാൻ സാധിച്ചിട്ടുള്ളൂ. 2023-24ൽ 50.14 കോടി മാറ്റിവെച്ചെങ്കിലും ചട്ടങ്ങളെതുടർന്ന് കേന്ദ്രങ്ങൾ ആരംഭിക്കാൻ സാധിച്ചില്ല. എ.ബി.സി കേന്ദ്രങ്ങൾ ആരംഭിക്കാനും ഷെൽട്ടറുകൾ തുറക്കാനും ജനം അനുവദിക്കാത്ത പ്രശ്നമുണ്ട്. ജനങ്ങളെ ബോധ്യപ്പെടുത്താനും തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാനും എം.എൽ.എമാർ മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.